'ജീവിച്ചതു പാര്‍ട്ടിക്കുവേണ്ടി'

പാര്‍ട്ടിക്കുവേണ്ടി ജീവിച്ചയാളാണു താനെന്നും ഒരു കാലത്തും അഴിമതിയോടു വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ലെന്നും ജി. സുധാകരന്‍ പറഞ്ഞു. ചില നേതാക്കള്‍ തന്നെ അധിക്ഷേപിച്ചിട്ടും നേതൃത്വം തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ' 15-ാം വയസില്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ്‌. 2002 വരെ പൂര്‍ണസമയ പ്രവര്‍ത്തകനായിരുന്നു. പാര്‍ട്ടിക്കുവേണ്ടി ജീവിച്ചയാളാണ്‌ ഞാന്‍. അതുകൊണ്ട്‌ പാര്‍ട്ടിയെ അധിക്ഷേപിക്കില്ല. പാര്‍ട്ടി പരിപാടിയും പ്രത്യയശാസ്‌ത്രവും ഉപേക്ഷിച്ചിട്ടില്ല. സംഘടനയുമായുള്ള ബന്ധം ഔദ്യോഗികമായി അവസാനിപ്പിക്കുക മാത്രമാണ്‌ ചെയ്‌തത്‌.അമ്പലപ്പുഴ മണ്ഡലത്തിലെ ചില നേതാക്കള്‍ എന്നെ സുധാകുരന്‍ എന്ന്‌ വിളിച്ചും അച്‌ഛനെ അധിക്ഷേപിച്ചും വ്യക്‌തിഹത്യ നടത്തിയപ്പോള്‍ നേതാക്കള്‍ തിരുത്തല്‍ നടപടി നേതാക്കള്‍ സ്വീകരിച്ചില്ല. ആയിരക്കണക്കിന്‌ കുട്ടികള്‍ക്ക്‌ വിദ്യ പകര്‍ന്നുനല്‍കിയ വ്യക്‌തിയാണ്‌ അദ്ദേഹം. അനുജന്‍ ജി. ഭുവനേശ്വരന്‍ ആക്രമിക്കപ്പെട്ട്‌ ആശുപത്രിയിലായിട്ടും കൊല്ലപ്പെട്ടിട്ടും പാര്‍ട്ടിയില്‍നിന്ന്‌ ഒരു സഹായവും ലഭിച്ചില്ല. വീട്ടിലെ ആഞ്ഞിലിമരം വെട്ടിവിറ്റു കിട്ടിയ പണം കൊണ്ടാണ്‌ കേസ്‌ നടത്തിയത്‌. ഞാന്‍ എന്റെ ബന്ധുക്കള്‍ക്കുവേണ്ടി ഒന്നും ചെയ്‌തിട്ടില്ല. സാധാരണ ജനങ്ങള്‍ക്കുവേണ്ടിയാണ്‌ പ്രവര്‍ത്തിച്ചത്‌. ആയിരക്കണക്കിന്‌ യുവാക്കള്‍ക്ക്‌ ജോലി നല്‍കി. അങ്ങനെയൊരാളെ വ്യക്‌തിഹത്യ ചെയ്യുന്നത്‌ ശരിയാണോ? ഇനിയും അത്‌ തുടര്‍ന്നാല്‍ മാന്യമായ ഭാഷയില്‍ തിരിച്ചടിക്കും. പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ക്കിടന്നു. ഒരുപാട്‌ മര്‍ദനമേറ്റിട്ടുണ്ട്‌. റോസാപ്പൂ വിരിച്ച പാതയിലൂടെയല്ല നടന്ന്‌ ഇതുവരെയെത്തിയത്‌.വിമര്‍ശനങ്ങള്‍ക്ക്‌ കീഴടങ്ങില്ല. എം.എല്‍.എയും മന്ത്രിയുമൊക്കെയായില്ലേ, ഇനി എന്താ അയാള്‍ക്ക്‌ വേണ്ടതെന്നാണ്‌ ചിലര്‍ ചോദിക്കുന്നത്‌. അത്‌ കമ്യൂണിസ്‌റ്റ്‌ രീതിയല്ല. മരിക്കുന്നതുവരെ ലെനിന്‍ റഷ്യയിലെ ഭരണാധികാരിയായിരുന്നു. സ്‌റ്റാലിനും മാവോയും കാസ്‌ട്രോയും അധികാരത്തിലിരുന്നു. താഴെയിറങ്ങ്‌ കിളവാ എന്ന്‌ അവരോട്‌ ആരെങ്കിലും പറഞ്ഞോ?. പദവികളില്‍ ഇരുന്നപ്പോള്‍ ജനങ്ങള്‍ക്കായി എന്തൊക്കെ ചെയ്‌തു എന്നതിനാണ്‌ പ്രധാന്യം. അമ്പലപ്പുഴയില്‍ എച്ച്‌. സലാമിന്റെ ഭൂരിപക്ഷം കുറഞ്ഞതിന്‌ എനിക്കെതിരേ എളമരം കരീം അന്വേഷണം നടത്തി. 25 പേജില്‍ ഞാന്‍ കാര്യം വിശദീകരിച്ചു. അവര്‍ വായിച്ച്‌ നോക്കിയില്ല. കരീമിന്റെ റിപ്പോര്‍ട്ടില്‍ എന്റെ വാദങ്ങള്‍ ഒരു വരി പോലും ചേര്‍ത്തില്ല. സംസ്‌ഥാന കമ്മിറ്റിയില്‍ ആലപ്പുഴ ജില്ലയിലെ അംഗങ്ങള്‍ ഒഴികെയുള്ളവര്‍ ആരും എന്നെ പിന്തുണച്ചില്ല. മറ്റുള്ളവര്‍ നിശബ്‌ദരായിരുന്നു. എന്തടിസ്‌ഥാനത്തിലാണ്‌ കരീം റിപ്പോര്‍ട്ട്‌ എഴുതിയത്‌. കള്ള റിപ്പോര്‍ട്ടല്ലേ അത്‌? പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ 22 ആരോപണങ്ങളുള്ള റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌.മര്‍ദനങ്ങളും ഗുണ്ടായിസവും നേരിട്ടാണ്‌ ഞാന്‍ ഇന്നത്തെ നിലയിലെത്തിയത്‌. ഒരു കാലത്തും അഴിമതിയോട്‌ വിട്ടുവീഴ്‌ച ചെയ്‌തിട്ടില്ല. അസംബ്ലിയില്‍ പോയാല്‍ ഇനിയും അഴിമതിക്കെതിരെ ശബ്‌ദമുയര്‍ത്തും. 15-ഓളം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുക്കുകയും കേന്ദ്ര കമ്മിറ്റിക്ക്‌ വേണ്ടി വരെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുകയും ചെയ്‌തു. പാര്‍ട്ടിക്ക്‌ വേണ്ടി ജീവിച്ച വ്യക്‌തിയായിട്ടാണ്‌ ജനങ്ങള്‍ കാണുന്നത്‌.'- ഒന്നര മണിക്കൂര്‍ നീണ്ട വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ പറഞ്ഞു.


© Mangalam