പോരിനുറച്ച്‌ കഴക്കൂട്ടം

കേരളം ഉറ്റു നോക്കുന്ന പോരാട്ടത്തിനാകും ഇക്കുറിയും തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സാക്ഷ്യംവഹിക്കുക. ബി.ജെ.പി. എ ക്ലാസ്‌ മണ്‌ഡലമായി കാണുന്നതുകൊണ്ട്‌ തന്നെ മത്സരം തീ പാറും. തിരുവനന്തപുരത്തെ മറ്റു നഗര മണ്‌ഡലങ്ങള്‍ പോലെ സമീപകാലത്തായി ബി.ജെ.പി. വളര്‍ച്ച കൈവരിച്ച മണ്‌ഡലം കൂടിയാണു കഴക്കൂട്ടം. 1980 ലും 1982 ലും എം.എം. ഹസന്‍ ആയിരുന്നു കഴക്കൂട്ടത്തിന്റെ എം.എല്‍.എ. 1987 ല്‍ ഇടതുസ്വതന്ത്ര നബീസ ഉമ്മാള്‍ വിജയിച്ചു. 1991 ല്‍ നബീസ ഉമ്മാളിനെ പരാജയപ്പെടുത്തി എം.വി. രാഘവന്‍ വെന്നിക്കൊടി പാറിച്ചു. 1996 ല്‍ കടകംപള്ളി സുരേന്ദ്രനും 2001 ല്‍ സ്വതന്ത്രനായി എം.എ. വാഹിദും വിജയിച്ചു. 2006 ല്‍ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിച്ച വാഹിദ്‌ കടകംപള്ളി സുരേന്ദ്രനെ 215 വോട്ടിനു പരാജയപ്പെടുത്തി. 2011 ലും വിജയിച്ച്‌ വാഹിദ്‌ ഹാട്രിക തികച്ചു. 2016 ആയപ്പോഴേക്കും മണ്‌ഡലത്തിന്റെ രാഷ്‌ട്രീയചിത്രം മാറി മറിഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍ വിജയിച്ചപ്പോള്‍ രണ്ടാമതെത്തിയതു ബി.ജെ.പിയുടെ വി. മുരളീധരന്‍ ആയിരുന്നു. സിറ്റിങ്‌ എം.എല്‍.എയായിരുന്ന എം.എ. വാഹിദ്‌ മൂന്നാമതായി. 2021 ല്‍ കടകംപള്ളി വീണ്ടും വിജയിച്ചു. ഇക്കുറിയും രണ്ടാമതു വന്നതു ബി.ജെ.പി. ശോഭ സുരേന്ദന്‍ രണ്ടാമതു വന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഡോ. എസ്‌.എസ്‌. ലാല്‍ മൂന്നാമതായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ രാജീവ്‌ ചന്ദ്രശേഖര്‍ കഴക്കൂട്ടത്ത്‌ ഒന്നാമതെത്തി. കോണ്‍ഗ്രസിന്റെ ഡോ. ശശി തരൂര്‍ രണ്ടാമതു വന്നപ്പോള്‍ എല്‍.ഡി.എഫിന്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാമതായി. രാജീവിനു ശശി തരൂരിനേക്കാള്‍ പതിനായിരത്തിലധികം വോട്ടുകള്‍ അധികം ലഭിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്‌ഡലത്തിന്റെ പരിധിയിലുള്ള 28 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ എന്‍.ഡി.എ. 14 ഇടത്തും എല്‍.ഡി.എഫ്‌. 10 വാര്‍ഡിലും യു.ഡി.എഫ്‌. മൂന്നിടത്തും യു.ഡി.എഫ്‌ വിമതന്‍ ഒരു സീറ്റിലും വിജയിച്ചു. എന്നാല്‍ വോട്ടിന്റെ കണക്കെടുത്താല്‍ എല്‍.ഡി.എഫാണു മുന്നില്‍. അവര്‍ക്ക്‌ 42,601 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എന്‍.ഡി.എയ്‌ക്ക്‌ 40,582 വോട്ടും യു.ഡി.എഫിന്‌ 29,855 വോട്ടുമാണു ലഭിച്ചത്‌. കഴക്കൂട്ടം ഏതു പക്ഷത്തേക്കും തിരിയാമെന്നു വോട്ടു കണക്കുകള്‍ സൂചിപ്പിക്കുന്നു. കടകംപള്ളിയും വി. മുരളീധരനും പ്രചരണം തുടങ്ങിക്കഴിഞ്ഞു. നിലവിലെ എം.എല്‍.എയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍ തന്നെയാകും കഴക്കൂട്ടത്ത്‌ ഇടതുമുന്നണി സ്‌ഥാനാര്‍ഥി. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ്‌ സ്‌ഥാനാര്‍ഥിയായി സുരേന്ദ്രന്റെ പേരു മാത്രമാണു സി.പി.എം സംസ്‌ഥാന നേതൃത്വത്തിനു നല്‍കിയിട്ടുള്ളത്‌. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം കടകംപള്ളിയെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ അദ്ദേഹം ഇതുവരെയും കേസില്‍ പ്രതിയല്ല. മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷനുമായ വി. മുരളീധരന്‍ തന്നെയാകും ബി.ജെ.പി. സ്‌ഥാനാര്‍ഥി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്‌ഡലത്തില്‍ രണ്ടാം സ്‌ഥാനത്തായിരുന്നു മുരളീധരന്‍. മണ്‌ഡലത്തില്‍ അദ്ദേഹത്തിനുള്ള വ്യക്‌തിബന്ധവും പാര്‍ട്ടി അടിത്തറയും ഇക്കുറി താമര വിരിയിക്കാന്‍ ഗുണകരമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണു ബി.ജെ.പി. കേന്ദ്ര,സംസ്‌ഥാന നേതൃത്വങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ള കേസ്‌ സജീവ ചര്‍ച്ചയാകുന്ന മണ്ഡലമാകും കഴിക്കൂട്ടം. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്‌തതയില്ല. കോണ്‍ഗ്രസിനു തന്നെയാണു സീറ്റ്‌. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഡോ. എസ്‌.എസ്‌. ലാല്‍ ആയിരുന്നു മത്സരിച്ചത്‌. അദ്ദേഹം മൂന്നാംസ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തേ മണ്‌ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എ. വാഹിദ്‌ മത്സരിക്കുമെന്നു പറഞ്ഞു കേട്ടിരുന്നെങ്കിലും അദ്ദേഹം താല്‍പര്യമില്ലെന്നു കോണ്‍ഗ്രസ്‌ നേതൃത്വത്തെ അറിയിച്ചതായാണു വിവരം. അങ്ങനെ വന്നാല്‍ ഡോക്‌ടര്‍ ലാലിന്‌ ഒരു അവസരം കൂടി കിട്ടിയേക്കും. അദ്ദേഹവും മണ്‌ഡലത്തില്‍ സജീവമായി കഴിഞ്ഞു. രാജന്‍ കേസില്‍ കെ. കരുണാകരന്‍ രാജിവച്ചപ്പോള്‍ മുഖ്യമന്ത്രി ആയ എ.കെ. ആന്റണി നിയമസഭാംഗമായിരുന്നില്ല. അന്ന്‌ ആന്റണിക്കു മത്സരിക്കാനായി തലേക്കുന്നില്‍ ബഷീര്‍ എം.എല്‍.എ. സ്‌ഥാനം രാജിവച്ചു. ഉപതെരഞ്ഞെടുപ്പില്‍ ആന്റണി സി.പി.എമ്മിലെ പിരപ്പന്‍കോട്‌ ശ്രീധരന്‍ നായരെ പരാജയപ്പെടുത്തി. അന്നത്തെ ഉപതെരഞ്ഞെടുപ്പിലൂടെയാണ്‌ കഴക്കൂട്ടം മണ്‌ഡലം കേരളമാകെ ശ്രദ്ധിക്കപ്പെട്ടത്‌. ഇന്നു കഴക്കൂട്ടം വളരെ വേഗം നഗരമായി മാറിക്കൊണ്ടിരിക്കുന്ന പ്രദേശമാണ്‌. ടെക്‌നോപാര്‍ക്ക്‌ സ്‌ഥിതി ചെയ്യുന്ന സ്‌ഥലം ടെക്കികളുടെ നഗരം എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ നാനാഭാഗത്തു നിന്നു വന്നവര്‍ ഈ മണ്‌ഡലത്തില്‍ താമസക്കാരായുണ്ട്‌. തലപ്പൊക്കമുള്ള നേതാക്കള്‍ കഴക്കൂട്ടത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. എം.എം. ഹസനും എം.വി. രാഘവനും കടകംപള്ളി സുരേന്ദ്രനുമൊക്കെ ഇക്കൂട്ടത്തില്‍ പെടും. രണ്ടു മുന്നണികളെയും വെല്ലുവിളിച്ച്‌ കോണ്‍ഗ്രസ്‌ റിബലായി മത്സരിച്ച എം.എ. വാഹിദിനെ വിജയിപ്പിച്ച ചരിത്രവുമുണ്ട്‌. അതുകൊണ്ട്‌ തന്നെ പ്രവാചനാതീതമാണു കഴക്കൂട്ടത്തിന്റെ മനസ്‌.


© Mangalam