കണ്ണൂരില്‍ കാറ്റ്‌ മാറി വീശുമോ; ആധിപത്യം നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌., കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട് യു.ഡി.എഫ്‌., ശക്‌തമായ മത്സരവുമായി എന്‍.ഡി.എയും സജീവം

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയ കേന്ദ്രങ്ങളില്‍ സ്‌ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്‌. എല്‍.ഡി.എഫ്‌. തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍, യു.ഡി.എഫ്‌. കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിടുന്നു. ഒപ്പം ശക്‌തമായ മത്സരവുമായി എന്‍.ഡി.എയും സജീവമാണ്‌.

മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ഒഴിവാക്കപ്പെടുമെന്ന്‌ ഏകദേശം ഉറപ്പായ സാഹചര്യത്തില്‍, മുന്‍മന്ത്രി കെ.കെ. ശൈലജ പേരാവൂരില്‍ മത്സരിച്ചേക്കുമെന്ന്‌ സൂചനകളുണ്ട്‌. മട്ടന്നൂരില്‍ ശൈലജയ്‌ക്ക്‌ പകരം ഡി.വൈ.എഫ്‌.ഐ. സംസ്‌ഥാന സെക്രട്ടറി വി.കെ. സനോജിനെ മത്സരിപ്പിക്കാനാണ്‌ പാര്‍ട്ടി തീരുമാനം. സനോജ്‌ ഇതിനോടകം തന്നെ മട്ടന്നൂരില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. സിറ്റിങ്‌ എം.എല്‍.എ. സണ്ണി ജോസഫിന്‌ കഴിഞ്ഞ തവണ സക്കീര്‍ ഹുസൈനിലൂടെ ശക്‌തമായ വെല്ലുവിളി ഉയര്‍ത്താന്‍ എല്‍.ഡി.എഫിന്‌ സാധിച്ചിരുന്നു. പൊതുസമൂഹത്തില്‍ ശൈലജയ്‌ക്ക്‌ വലിയ അംഗീകാരമുണ്ടെങ്കിലും കണ്ണൂരിലെ പാര്‍ട്ടി ഘടകത്തിനുള്ളില്‍ അവര്‍ക്ക്‌ പഴയത്‌ പോലെ സ്വാധീനമില്ലെന്ന വാദവും ഉയരുന്നുണ്ട്‌.

തലശ്ശേരിയില്‍ എ.എന്‍. ഷംസീറിന്‌ സീറ്റില്ല. തുടര്‍ച്ചയായി രണ്ടു തവണ വിജയിച്ച ഷംസീറിനെ ഇത്തവണ രണ്ട്‌ ടേം നിബന്ധന ചൂണ്ടിക്കാട്ടിയാണ്‌ ഒഴിവാക്കുന്നത്‌. പകരം കാരായി രാജനെയാണ്‌ പാര്‍ട്ടി ഇവിടെ പരിഗണിക്കുന്നത്‌. ഷംസീറിനെ ഒഴിവാക്കിയത്‌ അപ്രതീക്ഷിത നീക്കമായി വിലയിരുത്തപ്പെടുന്നു. ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന്‌ ഷംസീറിനെ മാറ്റുന്നതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധമുണ്ട്‌.

മണ്ഡല പുനര്‍നിര്‍ണ്ണയത്തിന്‌ ശേഷം ഇടതും വലതും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന അഴീക്കോട്‌ മണ്ഡലം ഇത്തവണയും നിര്‍ണായകമാകും. 1977 മുതല്‍ ഇടതിന്റെ കോട്ടയായിരുന്ന അഴീക്കോട്‌ 1987ല്‍ എം.വി. രാഘവനിലൂടെയാണ്‌ ആദ്യമായി യു.ഡി.എഫിലേക്ക്‌ ചാഞ്ഞത്‌. പിന്നീട്‌ കെ.എം. ഷാജിയിലൂടെ ലീഗ്‌ ഈ മണ്ഡലം നിലനിര്‍ത്തി. 2021-ല്‍ കെ.വി. സുമേഷിലൂടെ എല്‍.ഡി.എഫ്‌ മണ്ഡലം തിരിച്ചുപിടിച്ചു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ ചില ഭാഗങ്ങള്‍ മണ്ഡലത്തില്‍ ലയിച്ചതോടെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞു. ഓരോ വോട്ടും നിര്‍ണായകമായ അഴീക്കോട്‌ ഇത്തവണ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ടി വരും.

ഇടതുപക്ഷത്തിന്‌ വലിയ ഭൂരിപക്ഷം നല്‍കുന്ന മണ്ഡലങ്ങളിലൊന്നാണ്‌ പയ്ന്നൂര്‍. ടി.ഐ. മധുസൂദനനാണ്‌ നിലവിലെ എം.എല്‍.എ. പാര്‍ട്ടി അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇവിടെ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാം. ടി.ഐ. മധുസൂദനന്‍ മത്സരിച്ചാല്‍ അദ്ദേഹത്തിനെതിരേ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍നിന്ന്‌ പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്‌ണന്‍ സ്വതന്ത്രനായി മത്സരിച്ചേക്കും. മത്സരിക്കുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്നും സാഹചര്യം നോക്കി തീരുമാനിക്കുമെന്നുമാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുകയാണെങ്കില്‍ യുഡിഎഫിന്റെ പിന്തുണ അദ്ദേഹത്തിന്‌ ലഭിക്കുമെന്ന തരത്തില്‍ പ്രചാരണമുണ്ട്‌. കല്ല്യാശ്ശേരിയില്‍ എം. വിജിന്‍ ആണ്‌ നിലവിലെ എം.എല്‍.എ. യുവ നേതാവ്‌ എന്ന നിലയില്‍ വിജിന്‌ മണ്ഡലത്തില്‍ നല്ല സ്വാധീനമുണ്ട്‌. ഇത്തവണയും അദ്ദേഹം തന്നെ തുടരാനാണ്‌ സാധ്യത.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിനിധീകരിക്കുന്ന മണ്ഡലം എന്ന നിലയില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ്‌ ധര്‍മ്മടം. 2021ല്‍ വന്‍ ഭൂരിപക്ഷം നല്‍കിയാണ്‌ മണ്ഡലം മുഖ്യമന്ത്രിയെ വിജയിപ്പിച്ചത്‌. മുഖ്യമന്ത്രി വീണ്ടും മത്സരിക്കുമോ അതോ മണ്ഡലം മാറുമാ എന്നതിനെച്ചൊല്ലി അഭ്യൂഹങ്ങളുണ്ട്‌. സി.പി.എമ്മിന്റെ ഏറ്റവും സുരക്ഷിതമായ കോട്ടയായി ധര്‍മ്മടം തുടരുന്നു. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മണ്ഡലമാണ്‌ തളിപ്പറമ്പ്‌. എം.വി. ഗോവിന്ദന്‍ പാര്‍ട്ടി ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മാറി നില്‍ക്കുകയാണെങ്കില്‍, തളിപ്പറമ്പില്‍ പുതിയൊരാള്‍ വരും. എന്‍. സുകന്യയുടെ പേര്‌ ഇവിടെ സജീവമായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പ്രാദേശികമായ ചില എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്‌.

രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്‌ എസ്‌) പ്രതിനിധീകരിക്കുന്ന മണ്ഡലമാണ്‌ കണ്ണൂര്‍. കടന്നപ്പള്ളി മന്ത്രിസഭയില്‍ അംഗമായതിനാല്‍ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ സജീവമാണ്‌. എന്നാല്‍, യു.ഡി.എഫ്‌. ഈ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ ശക്‌തമായ നീക്കങ്ങള്‍ നടത്തുന്നുണ്ട്‌. കെ. സുധാകരന്റെ സ്വാധീനമേഖലയായതിനാല്‍ ഇവിടെ പോരാട്ടം കടുത്തതാകും. കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയാണ്‌ ഇരിക്കൂര്‍. സജീവ്‌ ജോസഫ്‌ ആണ്‌ നിലവിലെ എം.എല്‍.എ. കെ.സി. ജോസഫിന്‌ ശേഷം സജീവ്‌ ജോസഫിലൂടെ കോണ്‍ഗ്രസ്‌ മണ്ഡലം നിലനിര്‍ത്തി. എല്‍.ഡി.എഫ്‌ ഇവിടെ കേരള കോണ്‍ഗ്രസ്‌ (എം) വഴി സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

2026-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ രാഷ്‌ട്രീയ ചിത്രം അതീവ സങ്കീര്‍ണവും ആവേശകരവുമാകുമെന്ന്‌ ഉറപ്പാണ്‌. ഇടതുകോട്ടകള്‍ നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്‌. പുതുമുഖങ്ങളെയും പ്രമുഖരെയും അണിനിരത്തുമ്പോള്‍, ഭരണവിരുദ്ധ വികാരവും പ്രാദേശിക തര്‍ക്കങ്ങളും മുതലെടുത്ത്‌ സീറ്റുകള്‍ പിടിച്ചെടുക്കാനാണ്‌ യു.ഡി.എഫ്‌. ലക്ഷ്യമിടുന്നത്‌. എന്‍.ഡി.എയുടെ സാന്നിധ്യം പല മണ്ഡലങ്ങളിലും വോട്ടുവിഹിതത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ നിര്‍ണായകമാകും.


© Mangalam