menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

തദ്ദേശത്തില്‍ യു.ഡി.എഫിനൊപ്പം; വയനാട്‌ ഇക്കുറി എങ്ങോട്ട്‌

14 0
09.03.2026

ചരിത്രപരമായി യു.ഡി.എഫിന്‌ വലിയ മേല്‍ക്കൈയുള്ള ജില്ലയാണ്‌ വയനാട്‌. കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ ഫലം നല്‍കുന്ന സൂചനയും മറിച്ചല്ല. ആകെ മൂന്ന്‌ മുനിസിപാലിറ്റിയില്‍ രണ്ടും യു.ഡി.എഫ്‌. നേടി. ജില്ലാ പഞ്ചായത്തില്‍ ആകെ 17 ഡിവിഷനില്‍ 15 എണ്ണം യു.ഡി.എഫിനൊപ്പം നിന്നു. ബ്ലോക്‌ പഞ്ചായത്തില്‍ നാലിലും യു.ഡി.എഫ്‌. തന്നെ വിജയിച്ചു കയറി. ആകെ 23 ഗ്രാമ പഞ്ചായത്തില്‍ 19ലും യു.ഡി.എഫിനെയാണ്‌ തുണച്ചത്‌. ഇത്തരത്തില്‍ വയനാട്ടില്‍ സമ്പൂര്‍ണ ആധിപത്യം നേടാനായതിലുള്ള ആത്മവിശ്വാസത്തിലാണ്‌ യു.ഡി.എഫ്‌. ഈ തെരഞ്ഞടുപ്പിനെ സമീപിക്കുന്നത്‌. കുറെ നാളുകളായി യു.ഡി.എഫിനെ സംബന്ധിച്ച്‌ വയനാട്‌ അവരുടെ പല തീരുമാനങ്ങളുടെയും ആലോചനാ കേന്ദ്രം കൂടിയാണ്‌. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നീ ്‌ നിയമസഭാ മണ്ഡലങ്ങളാണ്‌ വയനാട്ടിലുള്ളത്‌. ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്രം പരിശോധിച്ചാല്‍ 2001ല്‍ മൂന്നും യു.ഡി.എഫിന്‌ ഒപ്പമായിരുന്നു. എന്നാല്‍, 2006ല്‍ മൂന്നിലും എല്‍.ഡി.എഫ്‌. വിജയം നേടി. 2011ല്‍ വീണ്ടും മൂന്നിലും യു.ഡി.എഫ്‌. തിരിച്ചെത്തി. പിന്നീട്‌ 2016ല്‍ രണ്ട്‌ എല്‍.ഡി.എഫും ഒന്നില്‍ യു.ഡി.എഫും ആയി മാറി. എന്നാല്‍ 2021ല്‍ കേരളത്തില്‍ എല്‍.ഡി.എഫ്‌. തരങ്കത്തിലും എല്‍.ഡി.എഫ്‌. ഒന്ന്‌, യു.ഡി.എഫ്‌. രണ്ട്‌ എന്ന നിലയായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതോടെ പാന്‍ ഇന്ത്യാ തലത്തില്‍ അറിയപ്പെടുന്ന മണ്ഡലമാണ്‌ വയനാടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ പിന്നാക്കാവസ്‌ഥയിലാണ്‌ ഇന്നും. വയനാട്‌. ജില്ലയില്‍ യു.ഡി.ഫില്‍നിന്നും എല്‍.ഡി.എഫില്‍നിന്നും മന്ത്രിമാരടക്കം ഉണ്ടായിട്ടുപോലും ആരോഗ്യരംഗത്തും ഗതാഗത രംഗത്തും പറയത്തക്ക നേട്ടം കൈവരിക്കാന്‍ വയനാടിന്‌ സാധിച്ചിട്ടില്ല. ഒപ്പം ഉരുള്‍പൊട്ടല്‍ മുതല്‍ വന്യജീവി ആക്രമണം വരെ ഒട്ടേറെ പ്രശ്‌നങ്ങളും വയനാട്ടിലെ ജനങ്ങള്‍ നേരിടുന്നുണ്ട്‌. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതും ഉയര്‍ത്തികാണിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. പ്രവചനാതീതമായ മണ്ഡലങ്ങളാണ്‌ മൂന്നുമെങ്കിലും യു.ഡി.എഫിന്‌ പൊതുവില്‍ സ്വാധീനവും ആത്മവിശ്വാസവും അവകാശപെടാവുന്ന ജില്ലയാണ്‌. എങ്കിലും വയനാട്ടില്‍ കോണ്‍ഗ്രസിന്‌ ഉള്ളിലെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്ക്‌ തലവേദന സൃഷ്‌ടിക്കുന്നുണ്ട്‌. സുല്‍ത്താന്‍ ബത്തേരി എം.എല്‍.എ: ഐ.സി. ബാലകൃഷ്‌ണനെ ചുറ്റിപ്പറ്റി പുകയുന്ന ആരോപണങ്ങളും, മുന്‍ ഡി.ഡി.സി. പ്രസിഡന്റ്‌ എന്‍.ഡി. അപ്പച്ചനുമായി ബന്ധപ്പെട്ട്‌ ഉണ്ടായ തര്‍ക്കങ്ങളുമെല്ലാം സംസ്‌ഥാനമാകെ ചര്‍ച്ചയായിരുന്നു. കൂടാതെ മുന്‍ ഡി.സി.സി. ട്രഷറര്‍ എന്‍.എം. വിജയന്റെയും മകന്റെയും ആത്മഹത്യയും വിജയന്റെ കുടുംബത്തിന്‌ നേതൃത്വം നല്‍കിയ ഉറപ്പ്‌ പാലിക്കാതെ വന്നതിനെ തുടര്‍ന്ന്‌ കുടുംബം ആവര്‍ത്തിച്ച്‌ നടത്തിയ വാര്‍ത്താസമ്മേളനങ്ങളും കേരളത്തിലാകെ ചര്‍ച്ചയായതും കോണ്‍ഗ്രസിനെ എത്രകണ്ട്‌ പ്രതിസന്ധിയിലാക്കും എന്നതും നോക്കികാണേണ്ടതുണ്ട്‌. അതേസമയം ബ്രഹ്‌മഗിരി സൊസൈറ്റി നിക്ഷേപവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സി.പി.എമ്മിനെയും എല്‍.ഡി.എഫിനെയും പിന്നോട്ടടിക്കുന്നുണ്ടെങ്കിലും ഉരുള്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ പണിതു നല്‍കുന്ന ടൗണ്‍ഷിപ്പ്‌ പദ്ധതിയും ഒപ്പം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന ആത്മവിശ്വാസത്തിലാണ്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ മുന്നണികളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സുല്‍ത്താന്‍ ബത്തേരിയിലെയും കല്‍പറ്റയിലെയും യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞതായിയാണ്‌ സൂചനകള്‍. കല്‍പറ്റയില്‍ ടി. സിദ്ദിഖ്‌ തന്നെ മത്സരിക്കുമെന്ന കാര്യത്തില്‍ ഏറെകുറെ ഉറപ്പാണ്‌. സുല്‍ത്താന്‍ ബത്തേരിയില്‍ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ പുകയുന്നുണ്ടെങ്കിലും മണ്ഡലത്തില്‍നിന്നും മൂന്ന്‌ പ്രാവശ്യം വിജയിച്ച ഐ.സി. ബാലകൃഷ്‌ണന്‍ തന്നെ ഇത്തവണയും മത്സരിക്കാനുള്ള എല്ലാ സാധ്യതയുമാണ്‌ തെളിയുന്നത്‌. അതേസമയം മാനന്തവാടിയില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച്‌ നിരവധി ആളുകള്‍ സീറ്റ്‌ ആവശ്യപ്പെട്ട്‌ വരാനുള്ള സാധ്യതയാണ്‌ നിലനില്‍ക്കുന്നത്‌. എല്‍.ഡി.എഫിനെ സംബന്ധിച്ച്‌ മാനന്തവാടിയില്‍ മാത്രമാണ്‌ നിലവില്‍ എം.എല്‍.എ. ഉള്ളത്‌. അടുത്തതവണയും മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍. കേളു തന്നെ മത്സരിക്കുമെന്നതില്‍ തര്‍ക്കമില്ല. ബത്തേരിയില്‍ ആരാകും സ്‌ഥാനാര്‍ഥി എന്ന കാര്യത്തില്‍ പലതരം ചര്‍ച്ചകളാണ്‌ എല്‍.ഡി.എഫില്‍ നടക്കുന്നത്‌. ഇ.എ. ശങ്കരന്റെയും അതുപോലെ വിശ്വനാഥിന്റെയും ഒപ്പം പല പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്‌. എന്നാല്‍ കല്‍പറ്റയില്‍ വലിയ തര്‍ക്കങ്ങളാണ്‌ എല്‍.ഡി.എഫിലുള്ളത്‌. സംസ്‌ഥാനത്തെ പല വിഷയങ്ങളിലും സി.പി.എമ്മും ആര്‍.ജെ.ഡിയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും വിശ്വാസമില്ലായ്‌മയും മുന്നണിയില്‍ വലിയ ആശങ്കയാണ്‌ ഉണ്ടാക്കുന്നത്‌. ബി.ജെ.പിയെ സംബന്ധിച്ചും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ്‌് ഫലം വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്‌. 2020ലെ തദ്ദേശ തെരഞ്ഞടുപ്പുമായി തുലനം ചെയ്ുമ്പോള്‍ കൂറെകൂടി മികച്ച മുന്നേറ്റമാണ്‌ ബി.ജെ.പി. കൈവരിച്ചത്‌. 2020ല്‍ 13 വാര്‍ഡുകള്‍ മാത്രമാണ്‌ ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ തവണ 23 വാര്‍ഡുകള്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ബി.ജെ.പിക്ക്‌ ഈ തെരഞ്ഞെടുപ്പില്‍ ഉണ്ട്‌.


© Mangalam