menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

ആത്മവിശ്വാസത്തിന്റെ വിജയഗാഥ

15 0
09.03.2026

കേരള താരത്തിന്റെ കരുത്തില്‍ ഇന്ത്യക്ക്‌ അലങ്കാരമായി ഒരു ക്രിക്കറ്റ്‌ കിരീടം. ഇന്ത്യ ട്വന്റി 20 ലോകകിരീടം നിലനിര്‍ത്തി ചരിത്രമെഴുതിയപ്പോള്‍ 'പ്ലെയര്‍ ഓഫ്‌ ദ്‌ ടൂര്‍ണമെന്റാ'യി തെരഞ്ഞെടുക്കപ്പെട്ടതു സഞ്‌ജു വിശ്വനാഥ്‌ സാംസണ്‍. അതുകൊണ്ടുതന്നെ, ഇത്തവണത്തെ ലോകകപ്പ്‌ സഞ്‌ജുവിനൊപ്പം മലയാളികള്‍ക്കും വളരയേറെ പ്രത്യേകതയുള്ളതായി. കായികാവേശത്തിന്റെ അവിസ്‌രണീയ മുഹൂര്‍ത്തങ്ങളാണ്‌ സഞ്‌ജുവിന്റെ പ്രകടനവും ഇന്ത്യയുടെ വിജയവും സമ്മാനിച്ചത്‌. ക്രിക്കറ്റില്‍ ഇന്ത്യ വിശ്വവിജയങ്ങള്‍ നേടിയപ്പോഴെല്ലാം ടീമില്‍ മലയാളി സാന്നിധ്യം ഉണ്ടായിട്ടുണ്ട്‌. ഇത്തവണ ഒപ്പമുണ്ടാകുകമാത്രമല്ല മുന്നില്‍നിന്നു നയിക്കാനും മലയാളിക്കായി. ഈയൊരു മലയാളിക്കരുത്തിനാണു ലോകം കൈയടിക്കുന്നത്‌, ആരവങ്ങളും അഭിനന്ദനങ്ങളും ചൊരിയുന്നത്‌. നന്ദി...സഞ്‌ജു സാംസണ്‍, മലയാളികള്‍ക്ക്‌ അഭിമാനമേകിയതിന്‌. ഇന്ത്യന്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നവര്‍, തന്നെ അപമാനിക്കുകയും അവഗണിക്കുകയും ചെയ്‌തതായി സഞ്‌ജു ഒരിടത്തും പറഞ്ഞിട്ടില്ല. എന്നാല്‍, ലക്ഷക്കണക്കിനു ക്രിക്കറ്റ്‌ പ്രേമികള്‍ അങ്ങനെ കരുതിപ്പോന്നു. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ മോശം പ്രകടനത്തോടെ ലോകകപ്പിനുള്ള ആദ്യ ഇലവനില്‍ സഞ്‌ജുവിനു സ്‌ഥാനം നഷ്‌ടപ്പെട്ടിരുന്നു. പിന്നീട്‌ സഞ്‌ജു നടത്തിയ രാജകീയ തിരിച്ചുവരവാണ്‌ ഇത്തവണത്തെ ലോകകപ്പിന്റെ യഥാര്‍ഥ സ്‌റ്റോറി. സഞ്‌ജുവിന്‌ എത്ര മികവുണ്ടെന്നതിന്റെ പ്രദര്‍ശന വേദിയായി ലോകകപ്പ്‌ മാറി. ടീമിന്റെ കരുത്തായി സഞ്‌ജു വളരുകയും ട്വന്റി 20 ക്രിക്കറ്റില്‍ മൂന്നാം ലോകകിരീടം ഇന്ത്യ ഉറപ്പിക്കുകയും ചെയ്‌തു. ക്രിക്കറ്റില്‍ കളിമികവിനൊപ്പം കളിക്കാരുടെ നിലവിലെ ഫോമിന്റെ പ്രാധാന്യവും വ്യക്‌തമാക്കപ്പെട്ട ചാമ്പ്യന്‍ഷിപ്പാണിത്‌. ട്വന്റി 20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പര്‍ താരമാണ്‌ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ്മ. അഭിഷേകിന്റെ മങ്ങിയ ഫോമിനെത്തുടര്‍ന്നു കിരീടം നിലനിര്‍ത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയുണ്ടായ ഘട്ടത്തിലാണ്‌ സഞ്‌ജുവിന്റെ തിരിച്ചുവരവുണ്ടായത്‌. ദക്ഷിണാഫ്രിക്കയോടു ഗ്രൂപ്പ്‌ ഘട്ടത്തില്‍ പരാജയപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കു വെസ്‌റ്റിന്‍ഡീസിനെതിരായ മത്സരം നിര്‍ണായകമായിരുന്നു. ഈ മത്സരത്തില്‍മാത്രമല്ല തുടര്‍ന്നു സെമിയില്‍ ഇംഗ്‌ളണ്ടിനെതിരേയും ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേയും സഞ്‌ജു സെഞ്ചുറിക്കു തുല്യമായ അര്‍ധ സെഞ്ചുറികളുമായി തച്ചുതകര്‍ത്തു. സഞ്‌ജു നല്‍കിയ മിന്നുന്ന തുടക്കമായിരുന്നു ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഒരു ട്വന്റി 20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്‌ നേടുന്ന ഇന്ത്യന്‍ താരം എന്ന വിരാട്‌ കോഹ്‌ലിയുടെ റെക്കോര്‍ഡ്‌ (319 റണ്‍സ്‌) സഞ്‌ജു മറികടക്കുകയുണ്ടായി. കേവലം അഞ്ചു മത്സരം കളിക്കാന്‍ അവസരം കിട്ടിയ സഞ്‌ജു 321 റണ്‍സാണ്‌ അടിച്ചുകൂട്ടിയത്‌. സിക്‌സറുകളുടെ എണ്ണം, സ്‌ൈട്രക്ക്‌ റേറ്റ്‌ എന്നിവയുടെ കണക്കിലും സഞ്‌ജു നേട്ടമുണ്ടാക്കി. ആത്മവിശ്വാസത്തിന്റെ വിജയഗാഥയാണ്‌ സഞ്‌ജു കുറിച്ചത്‌. കായികലോകംമാത്രമല്ല വിജയത്തിനുവേണ്ടി പൊരുതുന്നവര്‍ക്കെല്ലാം പ്രചോദനമാകുന്ന ഒന്ന്‌. എന്തു കാരണങ്ങള്‍ കൊണ്ടാണെങ്കിലും പുറത്തിരിക്കേണ്ടിവന്നപ്പോഴൊന്നും സഞ്‌ജു പ്രതീക്ഷ കൈവിട്ടിരുന്നില്ല. കളിച്ചും വിരാട്‌ കോലിയും രോഹിത്ത്‌ ശര്‍മ്മയുമെല്ലാം കളിക്കുന്നതു കണ്ടും തന്നിലെ പ്രതിഭയ്‌ക്കു പൂര്‍ണതയേകാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടേയിരുന്നു. മികവു പുലര്‍ത്താന്‍ ഇനി തനിക്കു കഴിയുമോയെന്നു സംശയിച്ച അവസരങ്ങളുമുണ്ടായി. ഈയവസരത്തിലാണ്‌ സാക്ഷാല്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടിയത്‌. സ്വന്തം കഴിവില്‍ വിശ്വസിച്ചു പോരാട്ടം തുടര്‍ന്ന സഞ്‌ജുവിനു ലോകകപ്പില്‍ അപ്രതീക്ഷിതമായി അവസരം കിട്ടി. അതു പൂര്‍ണമായും മുതലാക്കാനും ആയി. ഫൈനലില്‍ വ്യക്‌തമായ പദ്ധതികളോടെയായിരുന്നു കിവീസ്‌ ഇന്ത്യക്കെതിരേ ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്തത്‌. ആഞ്ഞടിക്കാന്‍ അവസരം നല്‍കാത്തവിധം പിച്ച്‌ ചെയ്‌തശേഷം കാലിലേക്കു വരുന്ന പന്തുകളെറിയാനായിരുന്നു ബൗളര്‍മാരുടെ ശ്രമം.എന്നാല്‍, 'പ്ലാന്‍' കൃത്യമായി നടപ്പിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നുമാത്രമല്ല സഞ്‌ജു ശ്രദ്ധാലുവും ആയിരുന്നു. ടുര്‍ണമെന്റിലുടനീളം സ്‌പിന്‍ കുരുക്ക്‌ ഒരുക്കി അഭിഷേകിനെ വീഴ്‌ത്താന്‍ എതിരാളികള്‍ക്കു കഴിഞ്ഞിരുന്നു. സഞ്‌ജുവിനൊപ്പം കിവീസിന്റെ 'ട്രാപ്‌' പൊളിച്ച്‌ അഭിഷേക്‌ കത്തിക്കയറുകയും പിന്നാലെ വന്ന ഇഷാന്‍ കിഷന്‍ മിന്നുന്ന ഫോം തുടരുകയും ചെയ്‌തതോടെ ഇന്ത്യ ശക്‌തമായി കുതിച്ചു. ഇന്ത്യ നേടിയത്‌ അഞ്ചു വിക്കറ്റ്‌ നഷ്‌ടത്തില്‍ 255 റണ്‍സ്‌. ജസ്‌പ്രീത്‌ ബുമ്ര നയിച്ച ഇന്ത്യന്‍ ബൗളിങ്ങിനു വെല്ലുവിളി ഉയര്‍ത്താന്‍ ചേസിങ്ങില്‍ ഒരു സമയത്തും കിവീസിനു കഴിഞ്ഞില്ല. ചരിത്രവിജയത്തിന്റെ പ്രഭയിലേക്ക്‌ ഇന്ത്യ ഉദിച്ചപ്പോള്‍ മുഖമായി തെളിഞ്ഞത്‌ ഒരു മലയാളിയാണെന്നത്‌ എല്ലാ കാലത്തേക്കുമുള്ള ഈ നാടിന്റെ സന്തോഷമായി മാറുകയും ചെയ്‌തു.


© Mangalam