menu_open Columnists
We use cookies to provide some features and experiences in QOSHE

More information  .  Close

'ശബരിമല' കത്തിക്കയറിയാല്‍ നേട്ടം ആര്‌ കൊയ്യും ?

18 0
09.03.2026

തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം കത്തിക്കയറിയാല്‍ നേട്ടം ആര്‍ക്കൊപ്പം എന്നതാകും പന്തളവും ശബരിമലയും ആറന്‍മുളയുമെല്ലാം ഉള്‍പ്പെടുന്ന പത്തനംതിട്ട ജില്ലയിലെ ജയ പരാജയങ്ങള്‍ തീരുമാനിക്കുക. 'ശബരിമല' ജില്ലയിലെ ഒരു പ്രത്യേക വിഭാഗത്തെ മാത്രമല്ല ബാധിക്കുന്നത്‌ എന്നാണു മുന്‍കാല അനുഭവങ്ങള്‍ തെളിയിക്കുന്നുണ്ട്‌. ഇക്കുറി സ്വര്‍ണക്കൊള്ള സജീവ പ്രചാരണ വിഷയമാകും. പന്തളം അടൂര്‍ നിയോജകമണ്ഡലത്തിന്റെ ഭാഗമാണ്‌. ശബരിമല റാന്നിയിലും. ആറന്‍ന്മുളയും തിരുവല്ലയും കോന്നിയുമാണ്‌ മറ്റു മണ്ഡലങ്ങള്‍. മണ്ഡല പുനര്‍നിര്‍ണയത്തിനു മുന്‍പ്‌ ജില്ലയില്‍ ഏഴ്‌ മണ്ഡലങ്ങളുണ്ടായിരുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലുമായി പന്തളം നിയമസഭാ മണ്ഡലവും. ജില്ലയില്‍ പ്രവാസികള്‍ കൂടിയതോടെ ജനസംഖ്യാനുപാതികമായി പുനര്‍നിര്‍ണയം നടത്തിയപ്പോള്‍ കല്ലൂപ്പാറ, പത്തനംതിട്ട മണ്ഡലങ്ങള്‍ ഇല്ലാതെയായി.മുമ്പ്‌ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയെന്നാണു പത്തനംതിട്ട അറിയപ്പെട്ടിരുന്നത്‌. ക്രമേണ സ്‌ഥിതി മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച്‌ മണ്ഡലങ്ങളിലും എല്‍.ഡി.എഫ്‌. വിജയം കണ്ടു. ആറന്മുളയിലും കോന്നിയിലും സി.പി.എം., റാന്നിയില്‍ കേരളാ കോണ്‍ഗ്രസ്‌ (എം), തിരുവല്ലയില്‍ ജനതാദള്‍, അടൂരില്‍ സി.പി.ഐ. അതേ സമയം, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലം യു.ഡി.എഫിനൊപ്പമാണ്‌. മണ്ഡലം രൂപീകരിച്ചതു മുതല്‍ കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ്‌ ഇവിടെ നിന്നുള്ള പ്രതിനിധി. അടുത്തിടെ നടന്ന ത്രിതല പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും യു.ഡി.എഫിനായിരുന്നു നേട്ടം. ഇതിന്റെ ആവേശത്തില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണു യു.ഡി.എഫ്‌. കൈയിലുള്ള മണ്ഡലങ്ങള്‍ നഷ്‌ടപ്പെടാതിരിക്കാനുള്ള നീക്കങ്ങളുമായി എല്‍.ഡി.എഫും. നിയമസഭയില്‍ കാല്‍ നൂറ്റാണ്ട്‌ അനുഭവ പരിചയമുള്ള സി.പി.എം. ജില്ല സെക്രട്ടറി രാജു എബ്രഹാം, നിയമസഭാ ഡെപ്യുട്ടി സ്‌പീക്കര്‍ കൂടിയായ സി.പി.ഐ. ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ എന്നിവരാണു എല്‍.ഡി.എഫിനു നേതൃത്വം നല്‍കുന്നത്‌. ആകെയുള്ള അഞ്ച്‌ മണ്ഡലങ്ങളില്‍ സി.പി.ഐ. മത്സരിക്കുന്ന അടൂരില്‍ മാത്രമാകും പുതിയ സ്‌ഥാനാര്‍ഥിയുണ്ടാവുക. മറ്റിടങ്ങളില്‍ നിലവിലുള്ളവര്‍ തന്നെ മത്സരിക്കാനാണു സാധ്യത. അടൂരില്‍ പ്രിജി കണ്ണന്‍ സി.പി.ഐ. സ്‌ഥാനാര്‍ഥിയാകും. കഴിഞ്ഞ തവണ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ എം.ജി കണ്ണനാണ്‌ മത്സരിച്ചത്‌. ഇഞ്ചോടിഞ്ച്‌ മത്സരം നടന്ന ഇവിടെ നേരിയ മാര്‍ജിനിലാണ്‌ ചിറ്റയം വിജയം നേടിയത്‌. തെരഞ്ഞെടുപ്പിനു പിന്നാലെ മണ്ഡലത്തില്‍ സജീവമായി മുന്നോട്ടുപോകുന്നതിനിടെയാണു ജില്ലയിലെ കോണ്‍ഗ്രസിന്റെ യുവ മുഖമായിരുന്ന എം.ജി. കണ്ണന്റെ അകാല വിയോഗമുണ്ടാകുന്നത്‌. എല്‍.ഡി.എഫ്‌. അഞ്ച്‌ മണ്ഡലങ്ങളിലും സ്‌ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയിലെത്തിയപ്പോള്‍, യു.ഡി.എഫില്‍ സ്‌ഥാനാര്‍ഥി നിര്‍ണയം നീളുകയാണ്‌. സിറ്റിങ്‌ എം.എല്‍.എമാര്‍ ആരുമില്ലാത്ത പത്തനംതിട്ടയില്‍ കെ.പി.സി.സിക്കു തീരുമാനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. സാമുദായിക, സഭാ പരിഗണനകള്‍ കൂടി യു.ഡി.എഫ്‌. സ്‌ഥാനാഥി നിര്‍ണയത്തിലുണ്ടാകും. ഇതാണ്‌ മറ്റൊരു പ്രശ്‌നം. ജില്ലയില്‍ സ്വാധീനമുള്ളതും സമീപ ജില്ലകളില്‍ ഒഴിവാക്കപ്പെടുന്നതുമായ സഭാ, സമുദായങ്ങളെ കൂടി ഇവിടേക്ക്‌ യു.ഡി.എഫിന്‌ പരിഗണിക്കേണ്ടിവരും.2011 ല്‍ ആറന്മുളയിലും കോന്നിയിലും മാത്രമാണ്‌ യു.ഡി.എഫിന്‌ വിജയിക്കാന്‍ കഴിഞ്ഞത്‌. 2016 ല്‍ വിജയം കോന്നിയില്‍ അടൂര്‍ പ്രകാശിലൂടെ മാത്രമായി. അടൂര്‍ പ്രകാശ്‌ രാജിവച്ചതോടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലവും നഷ്‌ടപ്പെട്ടു. ഇത്തവണയാകട്ടെ സ്‌ഥാനാര്‍ഥി നിര്‍ണയം വൈകുന്നതില്‍ അണികള്‍ക്ക്‌ ആശങ്കയുണ്ട്‌. തിരുവല്ല ഒഴികെയുള്ളവ കോണ്‍ഗ്രസ്‌ മത്സരിക്കുന്ന സീറ്റുകളാണ്‌. തിരുവല്ല മണ്ഡലം കേരള കോണ്‍ഗ്രസിനു നല്‍കിയിട്ടുള്ളതാണ്‌. എന്നാല്‍ കാലങ്ങളായി ഇവിടെ വിജയിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞിട്ടില്ല. പാര്‍ട്ടി ജില്ലാ പ്രസിഡന്റ്‌ വര്‍ഗീസ്‌ മാമ്മന്റെ പേരിനാണ്‌ മുന്‍ഗണന. മുന്‍ എം.എല്‍.എ. ജോസഫ്‌ എം. പുതുശേരിക്കും തിരുവല്ലയോടു താല്‍പര്യമുണ്ട്‌. അതേ സമയം, തിരുവല്ല കോണ്‍ഗ്രസ്‌ ഏറ്റെടുത്ത്‌ മുതിര്‍ന്ന നേതാവ്‌ പി.ജെ. കുര്യന്‍ മത്സരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. ഇങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിന്‌ റാന്നിയാകും ലഭിക്കുക. എല്‍.ഡി.എഫില്‍ മുതിര്‍ന്ന നേതാവ്‌ മുന്‍ മന്ത്രി കൂടിയായ മാത്യു ടി. തോമസാകും തിരുവല്ലയില്‍ സ്‌ഥാനാര്‍ഥി. ബി.ജെ.പി ആകട്ടെ കഴിഞ്ഞ തവണ അവസാന നിമിഷം മാറ്റിയ അനൂപ്‌ ആന്റണിയെ ആകും മത്സരിപ്പിക്കുക. കേരളം ഉറ്റു നോക്കുന്ന മണ്ഡലമാണ്‌ ആറന്മുള. ഇവിടെ മന്ത്രി വീണ ജോര്‍ജ്‌ തന്നെയാകും ഇടത്‌ സ്‌ഥാനാര്‍ഥി. അതിനാല്‍ കരുത്തുറ്റവരെ കണ്ടെത്താനുള്ള ശ്രമമാണ്‌ യു.ഡി.എഫും ബി.ജെ.പിയും നടത്തുന്നത്‌. യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥിയായി കഴിഞ്ഞതവണ മത്സരിച്ച കെ. ശിവദാസന്‍ നായര്‍ ഇക്കുറി മത്സരിക്കാനില്ല. പകരം വിജയസാധ്യതയുള്ള ഒരു സ്‌ഥാനാര്‍ഥിയെ മണ്ഡലത്തില്‍നിന്നു കണ്ടെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. യൂത്ത്‌ കോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറി അബിന്‍ വര്‍ക്കിയുടെ പേര്‌ ഉയര്‍ന്ന്‌ വരുന്നതിനിടെയാണ്‌ അദ്ദേഹത്തിനെതിരേ മണ്ഡലത്തില്‍ പടയൊരുക്കം തുടങ്ങിയത്‌. വനിതാ സ്‌ഥാനാര്‍ഥിയെ രംഗത്തിറക്കണമെന്ന അഭിപ്രായവുമുണ്ട്‌. ബി.ജെ.പി. കാലങ്ങളായി പ്രതീക്ഷ വച്ച്‌ പുലര്‍ത്തുന്ന മണ്ഡലമാണ്‌ ആറന്മുള. മുന്‍ ഗവര്‍ണര്‍മാരായ കുമ്മനം രാജശേഖരന്‍, പി.എസ്‌. ശ്രീധരന്‍ പിള്ള എന്നിവരെ അണികള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. പ്രമുഖ കര്‍ഷകന്‍ കൂടിയായ അജയകുമാര്‍ വലിയുഴത്തിലും പ്രതീക്ഷ കൈവിട്ടിട്ടില്ല.കോന്നിയില്‍ വീണ്ടും ഇടത്‌ സ്‌ഥാര്‍ഥിയായി സി.പി.എമ്മിലെ കെ.യു ജെനീഷ്‌ കുമാര്‍ തന്നെ മത്സരിക്കും. യു.ഡി.എഫില്‍ അടൂര്‍ പ്രകാശ്‌ വരുമെന്ന പ്രതീക്ഷയിലാണ്‌ ഒരുവിഭാഗം. അല്ലെങ്കില്‍ ആര്‌ എന്ന ചോദ്യവും ഉയരുന്നു. ഡി.സി.സി. പ്രസിഡന്റ്‌ സതീഷ്‌ കൊച്ചുപറമ്പില്‍, സഹോദരന്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍ ഷൈലാജ്‌ എന്നിവരും സീറ്റിനുവേണ്ടി രംഗത്തുണ്ട്‌. കഴിഞ്ഞതവണ മത്സരിച്ച റോബിന്‌ പീറ്റര്‍, പി. മോഹന്‍ രാജ്‌ എന്നിവര്‍ അത്ര സജീവമല്ല. നേരത്തെ ബി.ജെ.പി സംസ്‌ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ മത്സരിച്ച മണ്ഡലം കൂടിയാണ്‌ കോന്നി. എന്നാല്‍ ഇത്തവണ അത്ര പരിഗണന പാര്‍ട്ടി ഇവിടേക്ക്‌ നല്‍കുന്നുണ്ടോ എന്ന സംശയമുണ്ട്‌. ജില്ലാ പ്രസിഡന്റ്‌ വി.എ സൂരജ്‌ ഇവിടെ പരിഗണനാ പട്ടികയിലുണ്ട്‌.റാന്നിയില്‍ കേരളാ കോണ്‍ഗ്രസി(എം)നായി സിറ്റിങ്‌ എം.എല്‍.എ: പ്രമോദ്‌ നാരായണ്‍ തന്നെ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്റെ പേര്‌ യു.ഡി.എഫ്‌ പരിഗണിക്കുന്നുണ്ടെങ്കിലും മറ്റു ചിലരും സീറ്റ്‌ മോഹിക്കുന്നുണ്ട്‌. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡി.സി.സി. വൈസ്‌ പ്രസിഡന്റ്‌ കെ.ജയവര്‍മ്മ തുടങ്ങിയവരും പട്ടികയിലുണ്ട്‌.സാമുദായിക പരിഗണന റാന്നിയിലും പ്രധാന ഘടകമാകും. അടൂര്‍ സംവരണ മണ്ഡലത്തിലും സ്‌ഥാനാര്‍ഥിയെ നിര്‍ദേശിക്കാന്‍ പ്രാദേശിക കോണ്‌ഗ്രസ്‌ നേതാക്കള്‍ക്കായിട്ടില്ല. അടൂരില്‍ സി.പി.ഐ. ചിറ്റയം ഗോപകുമാറിന്‌ പകരം അടൂരില്‍ പ്രിജി കണ്ണന്‍ സി.പി.ഐ. സ്‌ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി രമ്യ ഹരിദാസ്‌ മത്സരരംഗത്തേക്ക്‌ വരുമെന്നും സൂചനയുണ്ട്‌. എന്നാല്‍ ഈ നീക്കത്തിനെതിരേ എതിര്‍പ്പുമുണ്ട്‌. പ്രാദേശിക നേതാക്കളടക്കം സീറ്റിനായി രംഗത്തുണ്ടെങ്കിലും വിജയസാധ്യതയും മണ്ഡലത്തിലെ സ്വാധീനവും പലര്‍ക്കും വിലങ്ങുതടിയാകുകയാണ്‌. ബി.ജെ.പിയും ഇവിടെ കരുത്തരെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ്‌.

ടി.കെ. സുധീഷ്‌ കുമാര്‍


© Mangalam