കേരള നവോത്ഥാനത്തിലെ കര്‍മധീരനായ നേതാവ്‌

കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തില്‍ സ്വന്തം കൈയൊപ്പ്‌ ചാര്‍ത്തിയ മഹദ്‌ വ്യക്‌തിത്വങ്ങളില്‍ ഒരാളാണ്‌ മന്നത്ത്‌ പത്മനാഭന്‍. അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി രണ്ട്‌) നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ (എന്‍.എസ്‌.എസ്‌.) മാത്രമല്ല, സമസ്‌ത കേരളീയ സമൂഹത്തിനും പുത്തന്‍ ഉണര്‍വ്‌ നല്‍കുന്ന ഓര്‍മപ്പെടുത്തലാണ്‌. ഒരു സാധാരണ വിദ്യാലയ അധ്യാപകനായി ജീവിതം ആരംഭിച്ച്‌, പിന്നീട്‌ അഭിഭാഷകന്‍, സംഘാടകന്‍, പ്രക്ഷോഭകാരി, മികച്ച വാഗ്‌മി എന്നീ നിലകളിലേക്ക്‌ വളര്‍ന്ന്‌, കേരള നവോത്ഥാന പ്രസ്‌ഥാനത്തിലെ ഒരു പ്രധാന ശക്‌തിയായി അദ്ദേഹം മാറി.
നായര്‍ സമുദായത്തിലെ അനാചാരങ്ങളെയും പിന്നാക്കാവസ്‌ഥയെയും ദൂരീകരിക്കാന്‍ വേണ്ടി നായര്‍ സര്‍വീസ്‌ സൊസൈറ്റിക്ക്‌ രൂപം നല്‍കിയ അദ്ദേഹം, സമുദായ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, സവര്‍ണജാഥ എന്നിവയിലൂടെ അയിത്തത്തിനും സാമൂഹിക അസമത്വത്തിനും എതിരേ പോരാടിയ മന്നം, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യത ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ്‌ എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഘടനാചാതുരിയും, നേതൃപാടവവും, പ്രക്ഷോഭണ വൈദഗ്‌ദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. രാഷ്‌ട്രീയം, വിദ്യാഭ്യാസം, സാമൂഹികപരിഷ്‌കരണം എന്നീ മേഖലകളില്‍ അദ്ദേഹം കാഴ്‌ചവച്ച സുദീര്‍ഘവും കര്‍മനിരതവുമായ സേവനം ഇന്നും കേരളത്തിന്‌ മാതൃകയാണ്‌.
1878 ജനുവരി രണ്ടിനാണ്‌ മന്നത്തുപത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത്‌ ഈശ്വരന്‍നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന്‌ മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു........

© Mangalam