ഉറച്ച ചുവടുകളുമായി ബ്രിക്‌സ് |
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഈജിപ്‌ത്, എത്യോപ്യ, ഇറാന്‍, ഇന്തോനീഷ്യ, യു.എ.ഇ. എന്നീ രാജ്യങ്ങള്‍ അംഗങ്ങളായ ബ്രിക്‌സ് പ്ലസ് രാഷ്‌ട്രങ്ങളുടെ ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങളോടെ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ ജൂലൈ ഏഴിന് സമാപിച്ചു. അമേരിക്കന്‍ ധാര്‍ഷ്‌ട്യത്തിനുമുമ്പില്‍ പ്രഖ്യാപനങ്ങളും പ്രമേയങ്ങളുമില്ലാതെ വികസിത രാജ്യങ്ങളുടെ രാജ്യാന്തര കൂട്ടായ്‌മയായ ജി7 കാനഡയില്‍ 2025 ജൂണില്‍ നിരാശപ്പെടുത്തിയപ്പോള്‍ അംഗരാജ്യങ്ങള്‍ ഒത്തൊരുമിച്ച് സംയുക്‌ത പ്രസ്‌താവനയിറക്കിയത് ശുഭലക്ഷണമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ നിറസാന്നിധ്യമായിരുന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍, ഈജിപ്‌ത് പ്രസിഡന്റ് അബ്‌ദുള്‍ ഫത്താ അല്‍സിസി എന്നിവരുടെ അഭാവത്തില്‍ ഈ രാജ്യങ്ങളിലെ രണ്ടാംസ്‌ഥാനക്കാര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു. ആതിഥേയനായ ബ്രസീല്‍ പ്രസിഡന്റ് ലുല ഡസില്‍വ, അബുദാബി കിരീടാവകാശി ഷെയ്‌ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് നഹ്യാന്‍, ഇന്തോനീഷ്യന്‍ പ്രസിഡന്റ് പ്രബൊവോ സുബ്രിയാന്തോ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, എത്യോപ്യ പ്രധാനമന്ത്രി അബി അഹമ്മദ് എന്നീ രാഷ്‌ട്രത്തലവന്മാര്‍ ഉച്ചകോടിയില്‍ സജീവമായി.
ലക്ഷ്യം നേടിയ ഉച്ചകോടി
'കൂടുതല്‍ സമഗ്രവും സുസ്‌ഥിരവുമായ ഭരണത്തിനായി ആഗോള ദക്ഷിണ സഹകരണം ശക്‌തിപ്പെടുത്തല്‍' എന്നതായിരുന്നു 17ാം ഉച്ചകോടിയുടെ മുഖ്യവിഷയം. രാഷ്‌ട്രീയ സാമൂഹിക സാമ്പത്തിക മേഖലകളില്‍ അംഗരാജ്യങ്ങളുടെ ഏകോപനവും ചര്‍ച്ചയില്‍ ഉയര്‍ന്നു. ആഗോള ദക്ഷിണ സഹകരണം, പരിസ്‌ഥിതി വികസനത്തിനായുള്ള അംഗരാജ്യങ്ങളുടെ പങ്കാളിത്തം എന്നിവയായിരുന്നു മുന്‍ഗണനാവിഷയങ്ങള്‍. ഈ ലക്ഷ്യപ്രാപ്‌തിക്കായി ആഗോള ആരോഗ്യ സഹകരണം, വ്യാപാരം, നിക്ഷേപം, ധനകാര്യം കാലാവസ്‌ഥാ വ്യതിയാനം, കൃത്രിമബുദ്ധി (എ.ഐ.) ഭരണം, ബഹുമുഖ സമാധാന സുരക്ഷ പദ്ധതികള്‍, അടിസ്‌ഥാന വികസനമേഖലകള്‍ എന്നീ പ്രധാന മേഖലകളും ഉള്‍ക്കൊള്ളിച്ചിരുന്നു. അംഗരാജ്യങ്ങളുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കാനും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനും സാംസ്‌കാരിക ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും ക്രിയാത്മക നിര്‍ദേശങ്ങള്‍ ഉയരുകയും പ്രഖ്യാപനങ്ങളില്‍ പ്രതിഫലിക്കുകയും ചെയ്‌തു.
സുപ്രധാന പ്രഖ്യാപനങ്ങള്‍
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യാപാരനയത്തിനെതിരേ ശക്‌തമായ എതിര്‍പ്പും വിമര്‍ശനവും ഉച്ചകോടിയുടെ പ്രഖ്യാപനത്തിലുണ്ട്. ഗാസയില്‍ ഉപാധികളില്ലാതെ വെടിനിര്‍ത്തല്‍വേണം. ബ്രിക്‌സ് അംഗരാജ്യമായ ഇറാനു നേരെയുള്ള ഇസ്രയേലിന്റെയും അമേരിക്കയുടെയും സൈനിക നടപടികളെ പ്രമേയത്തില്‍ അപലപിച്ചു. മധ്യപൂര്‍വദേശത്ത് സുരക്ഷാസ്‌ഥിതിഗതികള്‍ വഷളാകുന്നതില്‍ ഉച്ചകോടി ആശങ്കപ്രകടിപ്പിച്ചു.
അംഗരാജ്യങ്ങളിലെ ധനസഹായചെലവുകള്‍ കുറയ്‌ക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുമായി ബ്രിക്‌സിന്റെ ന്യൂ ഡെവലപ്പ്‌മെന്റ് ബാങ്കിനുള്ളില്‍ മള്‍ട്ടി ലാറ്ററല്‍ ഗ്യാരണ്ടി ഫണ്ട് സംരംഭം പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പിലാക്കാനുള്ള പദ്ധതികളെ അംഗരാഷ്‌ട്രങ്ങള്‍ പിന്തുണച്ചു. കൃത്രിമബുദ്ധിയെക്കുറിച്ച് ചര്‍ച്ചകള്‍ സജീവമാകുകയും പ്രമേയത്തില്‍ ഇടംനേടുകയും ചെയ്‌തു. അമിതമായ ഡേറ്റാ ശേഖരണം ഒഴിവാക്കുന്നതിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനധികൃത ഉപയോഗത്തിനെതിരേയും സംരക്ഷണം നല്‍കണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു. ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്‌ഥാവ്യതിയാന ചട്ടക്കൂട് കണ്‍വന്‍ഷന്റെ 33-ാമത് സമ്മേളനത്തിന് 2028ല്‍ ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ സ്‌ഥാനാര്‍ത്ഥിത്വത്തെ ബ്രിക്‌സ് അംഗരാജ്യങ്ങള്‍ സ്വാഗതം ചെയ്‌തു. ഇതിനായി ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം നല്‍കി. 21ാം നൂറ്റാണ്ടിന് അനുയോജ്യമായതും അതേസമയം ന്യായവും സ്‌ഥിരതയുള്ളതും കാര്യക്ഷമമായതുമായ ഒരു രാജ്യാന്തര നികുതി സമ്പ്രദായം പ്രോത്സാഹിപ്പിക്കാന്‍ സഹകരിക്കാനും പുരോഗതി ഉറപ്പാക്കി അസമത്വം കുറയ്‌ക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്‌ക്കാനും ഉച്ചകോടി തീരുമാനിച്ചു.
തുറന്നടിച്ച് നരേന്ദ്ര മോദി
ആഗോള സമ്പദ്‌വ്യവസ്‌ഥയില്‍ ഏറെ നിര്‍ണായക സ്വാധീനവും വലിയ സംഭാവനകളും നല്‍കുന്ന വികസ്വര രാജ്യങ്ങളെ ഇരട്ടത്താപ്പിന്റെ ഇരകളായി ഇനിയും തുടരാന്‍ അനുവദിക്കരുതെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഉച്ചകോടിയില്‍ ഏറെ ശ്രദ്ധനേടി. ഗേ്ലാബല്‍ സൗത്ത് രാജ്യങ്ങള്‍ വികസന സ്രോതസ്സുകളുടെ ലഭ്യതയിലും സുരക്ഷാതലങ്ങളിലും അവഗണിക്കപ്പെടുന്നു. യു.എന്‍. രക്ഷാസമിതിയില്‍ പരിഷ്‌കാരങ്ങള്‍ അടിയന്തരമായി വേണം. ഹരിതവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉച്ചകോടിയില്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു.
ട്രംപിന്റെ വിരട്ടലുകള്‍
അമേരിക്കയുടെ ഇറക്കുമതി തീരുവയ്‌ക്കും വ്യാപാര നയത്തിനുമെതിരേ ബ്രിക്‌സ് ഉച്ചകോടി നടത്തിയ പ്രസ്‌താവന ഡോണള്‍ഡ് ട്രംപിനെ പ്രകോപിതനാക്കി. ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് തിരിച്ചടിച്ചു. രാജ്യാന്തര ഇടപാടുകളില്‍ ഡോളര്‍ ഒഴിവാക്കി അതതു രാജ്യത്തെ കറന്‍സി ഇടപാട് നടത്താനുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ നീക്കം അമേരിക്കന്‍ സമ്പദ്‌വ്യവസ്‌ഥയ്‌ക്ക് ഏല്‍പിക്കുന്ന ആഘാതങ്ങള്‍ ചെറുതൊന്നുമല്ല. ബ്രിക്‌സ് രാജ്യങ്ങള്‍ സ്വന്തമായി പുതിയ കറന്‍സി ഇറക്കുകയോ, അമേരിക്കന്‍ ഡോളറിന് പകരം മറ്റു കറന്‍സികളെ പിന്തുണയ്‌ക്കുകയോ ചെയ്‌താല്‍ അമേരിക്കന്‍ വിപണിയില്‍ ആ രാജ്യങ്ങളുടെ വ്യാപാരം അനുവദിക്കില്ലെന്നും സ്വന്തം കറന്‍സിയെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ മോഹം അനുവദിച്ചുകൊടുക്കില്ലെന്നുമുള്ള ട്രംപിന്റെ നിലപാട് ബ്രിക്‌സ് പ്ലസ് രാജ്യങ്ങളോട് ഉച്ചകോടിക്കുശേഷം വിരട്ടലിന്റെ രൂപത്തില്‍ ആവര്‍ത്തിച്ചെങ്കിലും അമേരിക്കയ്‌ക്കുമുമ്പില്‍ മുട്ടുമടക്കേണ്ട എന്ന നിലപാടിലാണ് ബ്രിക്‌സ് രാജ്യങ്ങള്‍.
പഹല്‍ഗാം അപലപിച്ചു
സംയുക്‌ത പ്രസ്‌താവനയില്‍ പഹല്‍ഗാമില്‍ കഴിഞ്ഞ ഏപ്രില്‍ 22ന് നടന്ന ഭീകരാക്രമണത്തെ അപലപിച്ചത് ഇന്ത്യയുടെ വിജയമാണ്. എങ്കിലും പാകിസ്‌താനെ പേരെടുത്തു വിമര്‍ശിക്കാന്‍ ഉച്ചകോടി തയാറായില്ല. ബ്രിക്‌സ് ഭീകരവിരുദ്ധതന്ത്രം, ബ്രിക്‌സ് ഭീകരവിരുദ്ധ പ്രവര്‍ത്തനപദ്ധതി എന്നിവയെ അടിസ്‌ഥാനമാക്കിയുള്ള ബ്രിക്‌സ് ഭീകരവിരുദ്ധ വര്‍ക്കിങ് ഗ്രൂപ്പിന്റെയും അതിന്റെ അഞ്ച് ഉപഗ്രൂപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഉച്ചകോടിയില്‍ സ്വീകാര്യതയേറി.
ത്രിമൂര്‍ത്തികളിലെ ഭിന്നതകള്‍
ഇന്ത്യ, ചൈന, റഷ്യ എന്നിവരാണ് ബ്രിക്‌സിന്റെ കരുത്തും ബലവും. ഒരുമിച്ചുനിന്നാല്‍ ഡോണള്‍ഡ് ട്രംപിന്റെ വെല്ലുവിളികളെ നേരിടാന്‍ കരുത്തുള്ളവരാണിവര്‍. പക്ഷേ, ഉഭയകക്ഷി ബന്ധങ്ങളിലെ ഭിന്നതകള്‍ ഈ കൂട്ടുകെട്ടിന്റെ ശക്‌തി കുറയ്‌ക്കുന്നു. ഇന്ത്യയും റഷ്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധം തുടരുന്നു. അതേസമയം ചൈന പതിറ്റാണ്ടുകളായി ശത്രുപക്ഷത്താണ്. പലതവണ യോജിപ്പിന്റെ മേഖലകള്‍ തുറന്നിട്ടും ഇന്ത്യ-ചൈന ബന്ധത്തില്‍ കാര്യമായ പുരോഗതി ഇന്നുമില്ല. റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ മുന്‍കൈയെടുത്ത് ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ നടത്തിയ ശ്രമങ്ങളാണ് 2024 ഒക്‌ടോബറില്‍ റഷ്യയില്‍ നടന്ന 16ാം ഉച്ചകോടിയിലെ സുപ്രധാന പ്രഖ്യാപനങ്ങളേക്കാള്‍ മുന്നില്‍നിന്നത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ 3488 കിലോമീറ്റര്‍ നീളമുള്ള നിയന്ത്രണരേഖയില്‍ പട്രോളിങ്ങിനുള്ള കരാറിലേക്ക് ചൈനയെ റഷ്യയുടെ സാന്നിധ്യത്തില്‍ എത്തിക്കാനായത് ഇന്ത്യയുടെ വിജയമാണ്.
എന്നാല്‍, പഹല്‍ഗാം ഭീകരാക്രമണത്തിനുശേഷം പാകിസ്‌താനു നേരേ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ ചൈന, ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിച്ചത് ബന്ധങ്ങള്‍ പിന്നെയും വഷളാക്കി. ബ്രസീലിലെ ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യയിലെ കസാക്കില്‍ നടന്നതുപോലൊരു സൗഹാര്‍ദം രൂപപ്പെട്ടില്ല. ഷി ജിന്‍ പിങ്ങും പുടിനും പങ്കെടുക്കാതിരുന്നതിനാല്‍ ഇന്ത്യ-ചൈന ബന്ധം ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യാതെ പോയി. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2026ലെ 18-ാം ബ്രിക്‌സ് ഉച്ചകോടിയില്‍ ചൈനയുടെ നിലപാട് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണാം.
ബ്രിക്‌സ് കറന്‍സിയും വ്യാപാരവും
ബ്രസീല്‍ ഉച്ചകോടിയില്‍ ബ്രിക്‌സ് കറന്‍സി ചര്‍ച്ചചെയ്യപ്പെട്ടെങ്കിലും തീരുമാനങ്ങളില്ലാതെ പിരിഞ്ഞു. ബ്രിക്‌സ് കറന്‍സി എന്ന ആശയത്തിന്മേല്‍ ഉയരുന്ന ഒട്ടനവധി ചോദ്യങ്ങള്‍ക്ക് അംഗരാജ്യങ്ങള്‍ക്ക് വ്യക്‌തമായ ഉത്തരമില്ല. അമേരിക്കന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ പുത്തന്‍ കറന്‍സിക്കാവുമോ? ബ്രിക്‌സ് കറന്‍സി നിലവിലുള്ള ആഭ്യന്തര കറന്‍സിക്കു പകരമാകുമോ? സ്‌ഥിരവും ക്രമീകരിക്കാവുന്നതുമായ വിനിമയനിരക്ക് സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കും.? ബ്രിക്‌സ് അംഗരാജ്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് ബ്രിക്‌സ് കറന്‍സി ആകര്‍ഷകമാകുമോ? സ്വര്‍ണ്ണവുമായി ബന്ധിപ്പിച്ച ഒരു കറന്‍സി കൂടുതല്‍ ലാഭകരമോ? ബ്രിക്‌സ് കറന്‍സിക്കെതിരേ ഡോണള്‍ഡ് ട്രംപ് നല്‍കുന്ന മുന്നറിയിപ്പുകള്‍ എഴുതിത്തള്ളാമോ? ചുരുക്കത്തില്‍ ബ്രിക്‌സ് കറന്‍സിയെന്ന സ്വപ്‌നവും ബ്രസീല്‍ ഉച്ചകോടിയിലും ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങി. അമേരിക്കന്‍ ഡോളര്‍ മുന്‍കാലങ്ങളിലേതുപോലെ ഇനിയും ലോകത്തെ നിയന്ത്രിക്കുമെന്ന് സാരം. അതേസമയം പ്രാദേശികവ്യാപാരങ്ങള്‍ പ്രാദേശിക കറന്‍സിയിലെന്ന നീക്കം കൂടുതല്‍ സജീവമായിട്ടുണ്ട്. ഇന്ത്യയു.എ.ഇ. ഉടമ്പടിയെത്തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും യു.എ.ഇയുടെ നാഷണല്‍ ഓയില്‍ കമ്പനിയും രൂപയില്‍ വ്യാപാരം നടത്തുന്നു. ഇന്ത്യ യു.എ.ഇയില്‍നിന്ന് സ്വര്‍ണം വാങ്ങിയതും പ്രാദേശിക കറന്‍സിയിലാണ്. ഇന്ത്യയും സൗദി അറേബ്യയും ഇതേ പാതയില്‍ നീങ്ങുന്നു. ആഫ്രിക്ക, ഏഷ്യ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലെ വികസ്വരരാജ്യങ്ങളെ പ്രാദേശിക കറന്‍സിയില്‍ വ്യാപാരം നടത്താന്‍ ബ്രിക്‌സ് പ്രേരിപ്പിക്കുന്നു. പ്രാദേശിക കറന്‍സികള്‍ വ്യാപാരത്തില്‍ ശക്‌തിപ്പെടുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ രൂപയിലും റഷ്യയുടെ റൂബിളിലും ചൈനയുടെ യുവാനിലും ഇടപാടുകള്‍ നടത്താന്‍ നീക്കങ്ങള്‍ സജീവമാണ്. വിവിധ രാജ്യങ്ങളുമായി ഇന്ത്യ ഏര്‍പ്പെട്ടിരിക്കുന്ന ഉഭയകക്ഷി കറാരിലൂടെ രൂപയിലുള്ള വ്യാപാരം ഉയരുന്നുണ്ട്. ശ്രീലങ്കയും ഇന്ത്യയും വ്യാപാര ഇടപാടുകളില്‍ ഡോളര്‍ വിട്ട് രൂപയില്‍ നീങ്ങുന്നു.
ഇന്ത്യ അധ്യക്ഷ പദവിയില്‍
2026 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ബ്രിക്‌സ് പ്ലസ് രാജ്യാന്തര കൂട്ടായ്‌മയുടെ ചെയര്‍മാന്‍ സ്‌ഥാനം വഹിക്കുന്നത് ഇന്ത്യയാണ്. കഴിഞ്ഞ കേന്ദ്രമന്ത്രിസഭയുടെ കാലത്ത് 2019 സെപ്‌റ്റംബറില്‍ ജി20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച് ചരിത്രസംഭവമാക്കിയ വന്‍നേട്ടം വരാന്‍പോകുന്ന ഇന്ത്യയിലെ 18ാം ഉച്ചകോടിയിലും ചരിത്രം സൃഷ്‌ടിക്കുമെന്നുറപ്പ്. അഞ്ചു രാജ്യങ്ങളില്‍ തുടങ്ങി ഇപ്പോള്‍ പത്ത് അംഗരാജ്യങ്ങളുമായി ബ്രിക്‌സ് കൂട്ടായ്‌മ കരുത്തുനേടുമ്പോള്‍ 2026ല്‍ ഇന്ത്യയില്‍ നടക്കുന്ന ഉച്ചകോടി ബ്രിക്‌സിന് പുതിയ നിര്‍വചനം നല്‍കുമെന്ന് പ്രധാനമന്ത്രി ഇതിനോടകം വ്യക്‌തമാക്കിയിട്ടുണ്ട്. ബ്രിക്‌സിന് ബില്‍ഡിങ് റെസിലിയന്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ ഫോര്‍ കോഓപ്പറേഷന്‍ ആന്‍ഡ് സസ്‌റ്റൈനബിലിറ്റി (സഹകരണത്തിനും സുസ്‌ഥിരതയ്‌ക്കുമായി പ്രതിരോധശേഷിയും നൂതനത്വവും വളര്‍ത്തിയെടുക്കുക) എന്ന പുതുനിര്‍വചനവും നല്‍കി. ആഗോള ദക്ഷിണ മേഖലയ്‌ക്ക് മുന്‍ഗണന നല്‍കുമെന്നും 'ജനകേന്ദ്രീകൃതം, മനുഷ്യത്വം ആദ്യം' എന്ന സമീപനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചുള്ള അജന്‍ഡയാണ് ഇന്ത്യയിലെ 18ാം ഉച്ചകോടി മുന്നോട്ടുവയ്‌ക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പുത്തന്‍ പ്രതീക്ഷകള്‍
വികസിത രാജ്യങ്ങളുടെ കൂട്ടായ്‌മയായ ജി7ന് നിലപാടുകളൊന്നുമില്ലാതെ പിരിയേണ്ടിവന്നപ്പോള്‍ വികസ്വരരാഷ്‌ട്രങ്ങള്‍ ഭൂരിപക്ഷ പങ്കാളികളായ പത്തംഗ ബ്രിക്‌സ് പ്ലസ് രാജ്യാന്തരവിഷയങ്ങളില്‍ ശക്‌തമായ നിലപാടുകള്‍ പരസ്യമായി ഒറ്റക്കെട്ടായി എടുത്തത് കൂടുതല്‍ രാജ്യങ്ങളെ ഈ കൂട്ടായ്‌മയിലേയ്‌ക്ക് ആകര്‍ഷിക്കുമെന്നുറപ്പ്. വാണിജ്യയുദ്ധം, പശ്‌ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ എന്നിവയ്‌ക്കു പരിഹാരം കാണാന്‍ വിവിധ രാജ്യാന്തര കൂട്ടായ്‌മകള്‍ പരാജയപ്പെടുമ്പോള്‍ ഉറച്ച തീരുമാനങ്ങളുമായി ബ്രിക്‌സ് മുന്നോട്ടുപോകുന്നു.
അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍