അടുത്തയിടെ കലാമണ്ഡലത്തിലെ കുട്ടികള്‍ക്ക് കഞ്ഞിയും പയറിനും പകരം ചിക്കന്‍ബിരിയാണിയും കുഴിമന്തിയുമൊക്കെ കൊടുത്തുതുടങ്ങിയപ്പോള്‍ നമ്മള്‍ എന്തുമാത്രം സന്തോഷിച്ചതാണ്!
കലാമണ്ഡലത്തിന്റെ കാരണഭൂതനായ മഹാകവി വള്ളത്തോളിനിഷ്‌ടം കഞ്ഞിയും പുളിശ്ശേരിയുമായിരുന്നു എന്നു പറഞ്ഞിട്ടു കാര്യമില്ല. അത് അന്തക്കാലം! ഇന്ന് സ്‌റ്റാമിന വേണങ്കില്‍ സ്‌റ്റഫുള്ള കോഴിയും ബീഫുമൊക്കെ വേണമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? അതുകൊണ്ടുതന്നെ, മികച്ച റെഡ്‌മീറ്റ് കഴിക്കുന്ന കഥകളിക്കളരിയിലെ കീചകബാലന്മാര്‍ ഉഗ്രവീര്യത്തോടെ അട്ടഹാസം മുഴക്കുമെന്നും ഭീമ-ദുര്യോധനക്കുഞ്ഞുങ്ങള്‍ ഭൂമി പിളര്‍ക്കുംവണ്ണം വീറോടെ ചവിട്ടിക്കലാശംനടത്തി ആസ്വാദകഹൃദയങ്ങളില്‍ ഭീതിയുടെ മിന്നല്‍പ്പിണറുകള്‍ പായിക്കുമെന്നും നമ്മള്‍ കരുതി.
അതിരാവിലെ കണ്ണുസാധകവും മെയ്‌സാധകവും സ്വരസാധകവും കൈസാധകവുമൊക്കെ ചെയ്യുന്ന പൈതങ്ങള്‍ക്ക് മേല്‌പറഞ്ഞ കിടിലന്‍ ബീഫും മട്ടന്നുമൊക്കെ മികച്ച ഉൗര്‍ജസ്രോതസുകളായി പരിണമിക്കുറുന്നും നമ്മള്‍ നിനച്ചു.
പക്ഷേ കിംഫലം? ഇതുകൊണ്ടൊക്കെ കലാമണ്ഡലം നന്നായോ എന്ന ദാര്‍ശനികമായ ആശങ്ക ബാക്കിനില്‍ക്കുന്നു. ചെറുത്തുരുത്തിയിലെ ബ്രോയിലര്‍ക്കുഞ്ഞുങ്ങള്‍ക്ക് ലേറ്റസ്‌റ്റ്ബ്രാന്റ് ഫൈവ്‌സ്റ്റാര്‍തീറ്റകള്‍ കൊടുത്തിട്ടും കലാമണ്ഡലത്തിന് ദഹനക്കേടുവന്നല്ലാതെ മറ്റു മാറ്റങ്ങളൊന്നുമുണ്ടായില്ല എന്നാണ് അപശ്രുതി.
മഹാരഥരുടെ കാലടിപ്പാടുകള്‍
ചിക്കന്‍ബിരിയാണിയും കുഴിമന്തിയുമൊക്കെ തീറ്റപ്പുരയില്‍ ചൂടോടെ ഇപ്പോള്‍ റെഡിയാണെങ്കിലും കലയുടെ മണിമണ്ഡപത്തിലെ വിളക്കുകെട്ടുപോയാല്‍ എന്തു പ്രയോജനം എന്നു ചോദിക്കരുത്. അത് കാലഹരണപ്പെട്ട കാരണവന്മാരുടെ ചോദ്യമാണ്.
പക്ഷെ, കഞ്ഞിയും പയറും കഴിച്ച് കടുകട്ടിയായ കഥകള്‍ കളരികളില്‍ ചൊല്ലിയാടിച്ച എത്രയോ മഹാരഥന്മാരായ ഗുരുക്കന്മാരുടെ കാല്‍പ്പാടുകള്‍ കലാമണ്ഡലത്തില്‍ പതിഞ്ഞുകിടപ്പുണ്ട്! അവരുടെ പ്രഗത്ഭന്മാരായ എത്രയോ ശിഷ്യന്മാരുടെ കറതീര്‍ന്ന പ്രകടനങ്ങള്‍ നമ്മുടെ........