പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്നു മൃഗസംരക്ഷണ വകുപ്പ്‌ ഉറപ്പ്‌ നല്‍കുമ്പോഴും കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്‌. ജീവിതമാര്‍ഗം പ്രതിസന്ധിയിലായവരുടെ രക്ഷയ്‌ക്കൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക്‌ രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്‌തിപ്പെടുത്തേണ്ടിയിരിക്കുന്നു. കൊറോണയോ നിപ്പയോ പോലെ മനുഷ്യരിലേക്ക്‌ അതിവേഗം പടര്‍ന്നുപിടിക്കുന്ന ജന്തുജന്യ രോഗമല്ല പക്ഷിപ്പനി. എങ്കിലും, രോഗബാധയേറ്റാല്‍ മരണനിരക്ക്‌ 60 ശതമാനം വരെയാണെത്‌ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നു. ചമ്പക്കുളം ശ്രീകണ്‌ഠശ്വരമംഗലം ചിറയിലെ ഏബ്രഹാം ഔസേപ്പിന്റെ താറാവുകളാണ്‌ ആദ്യം ചത്തത്‌. പിന്നീട്‌ ഏപ്രില്‍ 11ന്‌, ചെറുതന സ്വദേശി രഘുനാഥന്റെയും ദേവരാജന്റെയും താറാവുകള്‍ക്ക്‌ രോഗബാധയുണ്ടായി. തിരുവല്ല പക്ഷി രോഗം നിര്‍ണയ ലബോര്‍ട്ടറിയില്‍ നടത്തിയ പരിശോധനയിലാണു പക്ഷിപ്പനി സംബന്ധിച്ച്‌ ആദ്യ സ്‌ഥിരീകരണം ഉണ്ടായത്‌. പിന്നീട്‌, ഭോപ്പാല്‍ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ്‌ ഡയഗ്‌നോസ്‌റ്റിക്‌ ലാബില്‍ രോഗം സ്‌ഥിരീകരിക്കപ്പെട്ടു. സാധാരണ ഇത്തരത്തില്‍ പക്ഷിപ്പനി സ്‌ഥിരീകരിക്കപ്പെട്ടാല്‍ സ്വീകരിക്കുന്ന പ്രോട്ടോക്കോള്‍ തന്നെ ഇത്തവണയുമുണ്ടായി. ഇതനുസരിച്ച്‌ 17,296 താറാവുകളും 394 കോഴികളും 304 കാടകളും 13 പ്രാവുകളേയും ഇതിനകം കൊന്നു നശിപ്പിക്കേണ്ടി വന്നു. പക്ഷിപ്പനി കൂടുതല്‍ ഇടങ്ങളിലേക്ക്‌ പടര്‍ന്നുപിടിക്കുന്ന സാഹചര്യം തടയുക എന്നതാണ്‌ ഇനിയുള്ള പ്രധാന കാര്യം. രോഗവ്യാപനം ഉണ്ടായാല്‍ പക്ഷി വളര്‍ത്തല്‍ മേഖലയില്‍ ഗുരുതര പ്രത്യാഘാതമാകും സംഭവിക്കുക. അതുകൊണ്ടുതന്നെ, പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വീഴ്‌ചയും ഉണ്ടാകരുത്‌. പക്ഷികളില്‍നിന്നു മനുഷ്യരിലേക്കും പന്നി അടക്കം സസ്‌തനി മൃഗങ്ങളിലേക്കും പക്ഷിപ്പനിക്ക്‌ കാരണമായ ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസുകള്‍ പകര്‍ന്നു രോഗകാരണമാകാമെന്നതുകൊണ്ട്‌ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം വര്‍ധിക്കുന്നു.

കൊന്നുതള്ളിയ വളര്‍ത്തു പക്ഷികള്‍ക്കുള്ള നഷ്‌ടപരിഹാരം കര്‍ഷകര്‍ക്ക്‌ എത്രയും പെട്ടെന്ന്‌ നല്‍കാന്‍ നടപടി ഉണ്ടാകണം. കൊന്നൊടുക്കുന്നതിന്‌ നഷ്‌ടപരിഹാരമായി താറാവ്‌ ഒന്നിന്‌ 200 രൂപ വീതം ആയിരിക്കും നല്‍കുക. ഇത്‌ പര്യാപ്‌തമല്ലെന്ന വിമര്‍ശനം ഗൗരവത്തോടെ പരിഗണിക്കണം. പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ കോഴി, താറാവ്‌ അവയുടെ മാംസം മുട്ട എന്നിവയുടെ വിപണി പ്രതിസന്ധിയിലായതാണു മറ്റൊരു തിരിച്ചടി. പക്ഷിപ്പനി വാര്‍ത്തകള്‍ പുറത്തുവന്നതിന്‌ പിന്നാലെ സംസ്‌ഥാനത്തെ പല പ്രദേശങ്ങളിലും 30 മുതല്‍ 50 രൂപ വരെ കോഴിയിറച്ചി വിലയില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. കനത്ത ചൂടില്‍ കോഴികളുടെ ഉത്‌പാദനം കുറഞ്ഞ സമയത്ത്‌ കോഴിയിറച്ചിക്ക്‌ വന്‍ വിലക്കയറ്റം ഉണ്ടായിരുന്നു. ഇതിനിടയിലാണ്‌ ആലപ്പുഴയിലും പരിസരങ്ങളിലും പക്ഷിപ്പനി സ്‌ഥിരീകരിച്ചതും വിലക്കുറവ്‌ ഉണ്ടായതും.

പക്ഷിപ്പനി ബാധയ്‌ക്കുശേഷം ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള പല തെറ്റായ വാര്‍ത്തകളും പ്രചരിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. മതിയായി വേവിച്ച കോഴി മുട്ടയോ ഇറച്ചിയോ കഴിക്കുന്നത്‌ കൊണ്ട്‌ യാതൊരു അസുഖവും സംഭവിക്കില്ല. 70 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ 30 മിനിറ്റിനുള്ളില്‍ വൈറസുകള്‍ നശിക്കും എന്നതുകൊണ്ട്‌ ആഹാരം പാചകം ചെയ്യുമ്പോഴുള്ള ശ്രദ്ധയാണു പ്രധാനം. രോഗബാധ ഉറപ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ക്ക്‌ മടി വിചാരിക്കരുത്‌. ഒപ്പം, ജീവിതമാര്‍ഗം വഴിമുട്ടിയ കര്‍ഷകര്‍ക്ക്‌ കൈത്താങ്ങാകാന്‍ സര്‍ക്കാര്‍ പ്രതിജ്‌ഞാബദ്ധമായി മുന്നോട്ടു വരുകയും ചെയ്യണം.

പ്രതിരോധം ഉറപ്പാക്കാം

പ്രതിരോധം ഉറപ്പാക്കാം

പക്ഷിപ്പനി നേരിടാന്‍ ജാഗ്രതയോടെയുള്ള നടപടി തുടരുമെന്നു മൃഗസംരക്ഷണ വകുപ്പ്‌ ഉറപ്പ്‌ നല്‍കുമ്പോഴും കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്‌. ജീവിതമാര്‍ഗം പ്രതിസന്ധിയിലായവരുടെ രക്ഷയ്‌ക്കൊപ്പം കൂടുതല്‍ ഇടങ്ങളിലേക്ക്‌ രോഗം പടരാതിരിക്കാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്‌തിപ്പെടുത്തേണ്ടിയിരിക്കുന്നു. കൊറോണയോ നിപ്പയോ പോലെ മനുഷ്യരിലേക്ക്‌ അതിവേഗം പടര്‍ന്നുപിടിക്കുന്ന ജന്തുജന്യ രോഗമല്ല പക്ഷിപ്പനി. എങ്കിലും, രോഗബാധയേറ്റാല്‍ മരണനിരക്ക്‌ 60 ശതമാനം വരെയാണെത്‌ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നു. ചമ്പക്കുളം ശ്രീകണ്‌ഠശ്വരമംഗലം ചിറയിലെ ഏബ്രഹാം ഔസേപ്പിന്റെ താറാവുകളാണ്‌ ആദ്യം ചത്തത്‌. പിന്നീട്‌ ഏപ്രില്‍ 11ന്‌, ചെറുതന സ്വദേശി രഘുനാഥന്റെയും ദേവരാജന്റെയും താറാവുകള്‍ക്ക്‌ രോഗബാധയുണ്ടായി. തിരുവല്ല പക്ഷി രോഗം നിര്‍ണയ........

© Mangalam