കര്‍ണാടക സംഗീതത്തിലൂടെ ശ്രദ്ധേയനായിരുന്നു ജയവിജയന്മാരിലെ കെ.ജി. ജയനും. സിനിമാസംഗീതത്തില്‍ ചുരുങ്ങിപ്പോകാതെ ക്ലാസിക്കല്‍ സംഗീതത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തെളിച്ച വഴി പിന്തുടര്‍ന്ന ആ നാദം ഇന്നലെ നിശബ്‌ദമായി.
സംഗീതത്തിലെ ശ്രുതിയും ലയവുമായിരുന്നു ജയനും വിജയനും.
ചെമ്പൈ ഭാഗവതരുടെ ശൈലി സംഗീതത്തില്‍ മാത്രമല്ല ഇവര്‍ പിന്തുടര്‍ന്നത്‌. വസ്‌ത്രധാരണത്തിലും ആടയാഭരണങ്ങളണിഞ്ഞു വേദിയില്‍ വരുന്നതിലും ചെമ്പൈയുടെ രീതികള്‍ ജയന്‍ പിന്തുടര്‍ന്നു. സംഗീതവേദിയില്‍ ആഢ്യനായിത്തന്നെയാണ്‌ അദ്ദേഹം നിലകൊണ്ടത്‌്. അബ്രാഹ്‌മണര്‍ ക്ലാസിക്കല്‍ പാടുന്നതിനോടു മുഖംതിരിഞ്ഞുനിന്ന സമൂഹത്തിനു മുന്നിലേക്ക്‌ തന്റെ കൈപിടിച്ചാണ്‌ ചെമ്പൈ ജയവിജയന്മാരെ കൊണ്ടുവന്നത്‌. അക്കാലത്ത്‌ അതൊരു നിശബ്‌ദ സംഗീതവിപ്ലവമായിരുന്നു. ചെമ്പൈ ഭാഗവതരുടെ ഒരു കൈയില്‍ യേശുദാസും മറുകൈയില്‍ ജയവിജയന്മാരുമാണ്‌ ഉണ്ടായിരുന്നത്‌. എത്രയോ സദസുകളില്‍ ഇരുവരും ചേര്‍ന്ന്‌ ചെമ്പൈ പാടിയിട്ടുണ്ട്‌. സംഗീതത്തില്‍ ജാതിഭേദമില്ലെന്ന്‌ ചെമ്പൈ ഇതിലൂടെ കാട്ടിക്കൊടുക്കുകയായിരുന്നു. പിന്നീട്‌ ഒരു വേദിയിലും ജയവിജയന്മാര്‍ക്ക്‌ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സിനിമാ സംഗീതത്തില്‍ അത്രമേല്‍ ശ്രദ്ധപുലര്‍ത്താന്‍ ജയന്‍ കൂട്ടാക്കിയിരുന്നില്ല. കര്‍ണാടക ക്ലാസിക്കല്‍ സംഗീതം, ലളിതസംഗീതം, ഭക്‌തിഗാനം എന്നിവയിലാണ്‌ അദ്ദേഹം ശ്രദ്ധപുലര്‍ത്തിയത്‌. ദ്രുതമായി സ്വരങ്ങള്‍ ചേര്‍ത്തുവയ്‌ക്കുന്ന 'കത്തിരി' രീതി തന്റെ പാട്ടുകളില്‍ അവതരിപ്പിച്ചത്‌ വ്യത്യസ്‌താനുഭവമായിരുന്നു.
രമേശന്‍ നായര്‍ രചിച്ച പാട്ടുകളിലൂടെയാണ്‌ അദ്ദേഹം ഭക്‌തിഗാനരംഗത്തു തിളങ്ങിയത്‌. 'രാധതന്‍ പ്രേമത്തോടാണോ കൃഷ്‌ണാ' എന്ന അദ്ദേഹത്തിന്റെ ഗാനം എനിക്കേറ്റവൂം പ്രിയപ്പെട്ടതാണ്‌. ശബരിമല അയ്യപ്പനെക്കുറിച്ചുള്ള ശ്രീകോവില്‍ നടതുറന്നു എന്ന ഗാനം മൂളാത്ത മലയാളികളില്ല. ചെമ്പൈയ്‌ക്കു നാദം നിലച്ചപ്പോള്‍ എന്ന ഭക്‌തിഗാനം തന്റെ ഗുരുനാഥനുള്ള സംഗീതപ്രണാമമായിട്ടേ കാണാനാകൂ.
സിനിമാഗാന മേഖലയില്‍ നന്നേ ചുരുക്കം പാട്ടുകളേ ജയവിജയന്മാര്‍ ചിട്ടപ്പെടുത്തിയിട്ടുള്ളൂ. അവയിലെ 'നക്ഷത്രദീപങ്ങള്‍ തിളങ്ങി' എന്ന ഗാനമില്ലാതെ ഒരു നവരാത്രിയും കടന്നുപോകാറില്ല.
ശബരിമല അയ്യപ്പനെയും ഗുരുവായൂരപ്പനെയും മലയാളികളുടെ മനസിലേക്ക്‌ സംഗീതരൂപത്തില്‍ പ്രതിഷ്‌ഠിക്കാന്‍ ജയവിജയ സംഗീതത്തിനു കഴിഞ്ഞു. കര്‍ണാടക ക്ലാസിക്കല്‍ സംഗീതത്തിന്റെ ആഴങ്ങള്‍ മനസിലാക്കിയ സംഗീതജ്‌ഞനാണു വിടപറയുന്നത്‌.

ആര്‍.കെ. ദാമോദരന്‍

ശ്രുതിയും ലയവും ചേര്‍ന്ന പാട്ടിന്റെ പത്മശ്രീ

ശ്രുതിയും ലയവും ചേര്‍ന്ന പാട്ടിന്റെ പത്മശ്രീ

കര്‍ണാടക സംഗീതത്തിലൂടെ ശ്രദ്ധേയനായിരുന്നു ജയവിജയന്മാരിലെ കെ.ജി. ജയനും. സിനിമാസംഗീതത്തില്‍ ചുരുങ്ങിപ്പോകാതെ ക്ലാസിക്കല്‍ സംഗീതത്തില്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ തെളിച്ച വഴി പിന്തുടര്‍ന്ന ആ നാദം ഇന്നലെ നിശബ്‌ദമായി.
സംഗീതത്തിലെ ശ്രുതിയും ലയവുമായിരുന്നു ജയനും വിജയനും.
ചെമ്പൈ ഭാഗവതരുടെ ശൈലി സംഗീതത്തില്‍ മാത്രമല്ല ഇവര്‍ പിന്തുടര്‍ന്നത്‌. വസ്‌ത്രധാരണത്തിലും ആടയാഭരണങ്ങളണിഞ്ഞു വേദിയില്‍ വരുന്നതിലും ചെമ്പൈയുടെ രീതികള്‍ ജയന്‍ പിന്തുടര്‍ന്നു. സംഗീതവേദിയില്‍ ആഢ്യനായിത്തന്നെയാണ്‌ അദ്ദേഹം നിലകൊണ്ടത്‌്. അബ്രാഹ്‌മണര്‍........

© Mangalam