ഇടിയുന്ന രൂപ, ഉടയുന്ന വിശ്വാസ്യതകള്‍
ഇന്ത്യൻ രൂപയുടെ തുടർച്ചയായ മൂല്യത്തകർച്ച വിപണിയിലെ ഒരു താൽക്കാലിക പ്രതിഭാസമല്ല, മറിച്ച് രാജ്യത്തിന്റെ രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലെ ആഴത്തിലുള്ള ദുർബലതകളുടെ ഘടനാപരമായ സൂചകമാണ്. 1995 മുതൽ 2025 വരെയുള്ള മൂന്ന് ദശകങ്ങളിലെ രൂപ-ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ ശതമാനങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ, രൂപയുടെ മൂല്യത്തകർച്ചയില്‍ ഒരു നൈരന്തര്യം കാണാമെങ്കിലും ഇത്തരം ദീർഘകാല ഘടനാപരമായ സമ്മർദങ്ങള്‍ക്കുപരി വ്യക്തമാവുന്ന ഒരു കാര്യമുണ്ട്: ബി.ജെ.പി ഭരണകാലത്താണ് രൂപയുടെ മൂല്യം കുത്തനെ കൂടുതലായി ഇടിയുന്നത്. 1995-2005 കാലഘട്ടത്തിൽ (ഇതില്‍ ബി.ജെ.പിയുടെ ഷൈനിങ് ഇന്ത്യ ഉള്‍പ്പെടുന്നു), രൂപയുടെ മൂല്യം ഏകദേശം 43 ശതമാനം ഇടിയുകയുണ്ടായി.
വാർഷികമായി രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നത് ശരാശരി 4.3 ശതമാനമായിരുന്നു (സംയോജിതമായി ഏകദേശം 3.6 ശതമാനം). തുടര്‍ന്നുവന്ന ഒന്നും രണ്ടും യു.പി.എ സർക്കാറുകളുടെ കാലഘട്ടത്തിൽ (2005-2015) രൂപയുടെ മൂല്യത്തകർച്ചയുടെ വേഗം കുറയുന്നതായി കാണാം. ആകെ വർധന ഏകദേശം 39 ശതമാനമായി ചുരുങ്ങുകയും, മൂല്യം ഇടിയുന്നതിന്റെ വാർഷികനിരക്ക് 3.9 ശതമാനമായും സംയോജിത വളർച്ച ഏകദേശം 3.4 ശതമാനമായും കുറയുകയും ചെയ്തു. ആഗോള സാമ്പത്തിക പ്രതിസന്ധി ആഞ്ഞടിച്ചിട്ടും രൂപയുടെ ഇടിവ് നിയന്ത്രിതമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇത് സാമ്പത്തിക വളർച്ചാ പ്രതീക്ഷകളും, നിക്ഷേപ പ്രവാഹങ്ങളും, സ്ഥാപനപരമായ വിശ്വാസ്യതയും രൂപക്ക് ഒരു പരിധിവരെ സംരക്ഷണം നൽകിയിരുന്നുവെന്ന് സൂചിപ്പിക്കുന്നു. 2008ലെ ലോക സാമ്പത്തികക്കുഴപ്പംപോലും രൂപയെ അധികമായി ബാധിച്ചില്ല. ഒബാമ മന്‍മോഹന്‍സിങ്ങിനെ പ്രകീര്‍ത്തിച്ചു സംസാരിച്ചത് ഇതിന്‍റെ പേരിലായിരുന്നു.
എന്നാൽ, ബി.ജെ.പിയുടെ 2015-2025 കാലഘട്ടത്തിൽ രൂപയുടെ മൂല്യത്തകർച്ചക്ക് വീണ്ടും ആക്കം കൂടുകയാണുണ്ടായത്. ആകെ ഏകദേശം 45 ശതമാനത്തിലധികം ഇടിവും, വാർഷിക ഇടിവിന്‍റെ നിരക്ക് 4.5 ശതമാനവും ആവുന്നു. മൂല്യത്തകർച്ചയുടെ സംയോജിത വർധനവ് ഈ കാലയളവില്‍ ഏകദേശം 3.8 ശതമാനമാണ്. ശക്തമായ രാഷ്ട്രീയാധിപത്യവും സാംസ്കാരിക ദേശീയതയുടെ വാചാടോപവും നിലനിന്നിട്ടും, രൂപയുടെ സ്ഥിരത ഉറപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയം. വ്യാപാരക്കുറവ്, ഊർജ ഇറക്കുമതികളിലെ ആശ്രിതത്വം, ആഗോള മൂലധന പ്രവാഹങ്ങളിലെ അനിശ്ചിതത്വം എന്നിവ പോലുള്ള ഘടനാപരമായ പ്രശ്നങ്ങൾ ഈ കാലഘട്ടത്തിൽ രൂപയുടെ ഇടിവിനെ നിത്യസംഭവമാക്കി........
